മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതോടെ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിലൊന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ രസത്തിലല്ലെന്നുള്ള വാര്‍ത്തകള്‍. ഇരുവരും അഭിപ്രായ വ്യത്യാസമുണ്ടെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇരുവര്‍ക്കും ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ടുനല്‍കണമെന്ന് ക്രിക്കറ്റ് ലോകത്ത് അഭിപ്രായമുണ്ടായി. 

എന്നാല്‍, അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍. ആരോപണങ്ങളെല്ലാം തള്ളികളഞ്ഞിരിക്കുകയാണ് അരുണ്‍. അദ്ദേഹം തുടര്‍ന്നു... ''രോഹിത്തും കോലിയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. കോലി ഒരു പക്വതയേറിയ ക്യാപ്റ്റനാണ്. രോഹിത്തിന്‍റെ പിന്തുണകൂടി ലഭിക്കുമ്പോഴാണ് കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നത്. ടീം ക്യാംപ് ഒരു തെറ്റുമില്ലാതെ മുന്നോട്ട് പോകുന്നു.

ടീം മീറ്റിങ്ങില്‍ പലര്‍ക്കും വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാവാറുണ്ട്. എല്ലാ താരങ്ങള്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എല്ലാത്തിനും ഒടുവില്‍ ഒരു തീരുമാനത്തിലെത്തും.'' അരുണ്‍ പറഞ്ഞുനിര്‍ത്തി.