ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരും. പുതിയ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ 928 പോയിന്റുമായി ഒന്നാമതാണ് കോലി. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് 911 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.  ഇരുവരും തമ്മില്‍ 17 പോയിന്റ് വ്യത്യാസമാണുള്ളത്. ന്യൂസിനല്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സെന്‍സേഷന്‍ മര്‍നസ് ലബുഷാനെ നാലാം സ്ഥാനത്തെത്തി. അതേസമയം ചേതേശ്വര്‍ പൂജാരയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. നാലാമതായി ഉണ്ടായിരുന്നു താരം അഞ്ചാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് ആറാമത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഏഴാം സ്ഥാനത്തുണ്ട്.

ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ക്വിന്റണ്‍ ഡി കോക്ക് ആദ്യ പത്തിലെത്തി. ഒന്നാം ഇന്നിങ്‌സില്‍ 95 റണ്‍സാണ് ഡി കോക്ക് നേടിയിരുന്നത്. വാര്‍ണര്‍ എട്ടാമതും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഒമ്പതാം സ്ഥാനത്തുമാണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തെത്തി. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. മൂന്ന് ഇന്ത്യ്ന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആര്‍ അശ്വിന്‍ (9), മുഹമ്മദ് ഷമി (10) എന്നിവരാണ് ബൗളര്‍മാര്‍.