പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യര്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരും. 

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരും. പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരക്കാരനായി ആദ്യ മൂന്ന് മത്സരങ്ങളിലേക്കായിരുന്നു അയ്യരെ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ താരം വിശാഖപട്ടണത്തേക്കും തിരുവനന്തപുരത്തേക്കും ടീമിനൊപ്പം അദ്ദേഹമുണ്ടാകും. വിജയ് ഹസാരെ ട്രോഫിക്കിടെ വയറിലെ പേശികള്‍ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് തിലക് വര്‍മ്മ ഈ മാസം ആദ്യം രാജ്കോട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

നിലവില്‍ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ വിശ്രമത്തിലുള്ള താരം റീഹാബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് താരം പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏകദിന ടീം വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് നിലവിലെ പരമ്പരയില്‍ ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. 2023 ഡിസംബറിന് ശേഷം അയ്യര്‍ ഇന്ത്യക്കായി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വാഷിംഗ്ടണ്‍ സുന്ദറിന്റെ പരിക്ക്

അതേസമയം, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ലോകകപ്പിന് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ബറോഡയില്‍ നടന്ന ഏകദിനത്തിനിടെ വാരിയെല്ലിന് താഴെ അനുഭവപ്പെട്ട അസ്വസ്ഥതയെത്തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ 'സൈഡ് സ്ട്രെയിന്‍' കണ്ടെത്തിയിരുന്നു. നിലവില്‍ വിശ്രമത്തിലുള്ള താരം തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യും.

സുന്ദറിന് പകരക്കാരനായി ടീമിലെത്തിയ സ്പിന്നര്‍ രവി ബിഷ്ണോയി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ബിഷ്ണോയി, ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സുന്ദറിന് ലോകകപ്പ് നഷ്ടമാവുകയാണെങ്കില്‍ സെലക്ടര്‍മാരുടെ ആദ്യ പരിഗണന ബിഷ്ണോയിക്കായിരിക്കും.

പുതുക്കിയ ഇന്ത്യന്‍ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയി.

YouTube video player