രോഹിത് കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയിലും താരം ഐസൊലേഷനിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. രോഹിത് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ചത്. ഹോട്ടലില്‍ നിന്നുള്ള സെല്‍ഫിയാണ് രോഹിത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും (Rahul Dravid) ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കനത്ത വെല്ലുവിളി നേരിടാന്‍ പോകുന്നത് ഇംഗ്ലണ്ടിലായിരിക്കും. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ഒരു ടെസ്റ്റും മൂന്ന് വീതം ടെസ്റ്റും ഏകദിനവുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക. ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ, ഇംഗ്ലണ്ടിലേക്കയച്ചത്. എന്നാല്‍ രോഹിത് (Rohit Sharma) കൊവിഡ് പോസിറ്റീവായതും കെ എല്‍ രാഹുല്‍ (KL Rahul) പരിക്കേറ്റ് പിന്മാറിയതും കനത്ത തിരിച്ചടിയായി.

എന്നാല്‍ ദ്രാവിഡ് ടീമിന്റെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടപ്പിക്കും. ടീം പൂര്‍ണസജ്ജമാണെന്നാണ് ദ്രാവിഡ് പറയുന്നത്. ''രോഹിത് കൊവിഡ് പോസിറ്റീവായത് മാത്രമാണ് ചെറിയൊരു പ്രശ്‌നമായി തോന്നുന്നത്. അതൊഴിച്ച് നിര്‍ത്തിയാല്‍ ടീം പൂര്‍ണമായും സജ്ജമാണ്. സന്നാഹ മത്സരത്തില്‍ ശ്രേയസ് അയ്യര്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ച്വറികളോടെ ഫോമിലേക്കെത്തിയത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിക്കുക കടുത്ത വെല്ലുവിളിയാണ്.'' ദ്രാവിഡ് വ്യക്തമാക്കി.

അതേസമയം, രോഹിത് കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയിലും താരം ഐസൊലേഷനിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. രോഹിത് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ചത്. ഹോട്ടലില്‍ നിന്നുള്ള സെല്‍ഫിയാണ് രോഹിത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ചിരിയോടെ നില്‍ക്കുന്ന ഫോട്ടോ ആരാധകരില്‍ പ്രതീക്ഷയ്‌ക്കൊപ്പം ആത്മവിശ്വാസവും നല്‍കുന്നു. ടെസ്റ്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രോഹിത്തിന് കളിക്കാനാവുമോ എന്നുറപ്പില്ല. 

രണ്ട് ദിവസത്തിനിടെ കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ പോലും പരിശീലനം പോലുമില്ലാതെ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണറായെത്തും. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈനും ബയോ ബബിള്‍ സംവിധാനവും നിര്‍ബന്ധമില്ലാത്തതിനാല്‍ മായങ്കിന് ടീമിനൊപ്പം ചേരാം.

അതേസമയം, രോഹിത് കൊവിഡ് ബാധിതനായതോടെ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിന് നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.