സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ആറാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്.
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്റെ തോല്‍വി നേരിട്ടിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 22 പന്തില്‍ 39 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍ 12 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ റണ്ണൗട്ടാവുകയായിരുന്നു.
എന്നാല്‍ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ആറാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ഫിനിഷറാക്കിയത് പലര്‍ക്കും രസിച്ചില്ല. മൂന്നാമനോ നാലാമനോ ആയിട്ട് കളിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മൂന്നാമനായി സൂര്യകുമാര്‍ യാദവെത്തി. നാലാമന്‍ തിലകും. സഞ്ജുവിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ചില ട്വീറ്റുകള്‍ വായിക്കാം...
താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ഇഷാന്‍ കിഷന് (6) ഇത്തവണ തിളങ്ങാനായില്ല. ശുഭ്മാന്‍ ഗില്ലും (3) നിരാശപ്പെടുത്തി. നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും (21) തിലക് വര്‍മയും (39) ഒന്നിച്ചപ്പോഴാണ് ഇന്ത്യ ഉണര്‍ന്നത്.
ഇരുവരും 39 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും പുറത്തായതോടെ കാര്യങ്ങള്‍ വിന്‍ഡീസിന് അനുകൂലമായി. ഹാര്‍ദിക് പാണ്ഡ്യയെ (19) ജേസണ്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കിയപ്പോള്‍, സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ (13), അര്‍ഷ്ദീപ് സിംഗ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

