മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന് സാധ്യത. ഒക്ടബോറില്‍ കരാര്‍ അവസാനിക്കുന്ന എം എസ് കെ പ്രസാദിന് പകരമായിട്ടാണ് ശിവരാരമകൃഷ്ണനെത്തുക. നിരവധി മുന്‍ താരങ്ങളുമായിട്ട് ബിസിസിഐ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ശിവരാമകൃഷ്ണനാണ്.

ഇന്ത്യക്കായി ഒമ്പത് ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ശിവരാമകൃഷ്ണന്‍. 1983 മുതല്‍ 87 വരെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനായി കളിച്ചത്. അടുത്തമാസം 23നാണ് പ്രസാദിന്റെ കാലാവധ അവസാനിക്കുക.  അതേസമയം, പ്രസാദിന് കൂടെയുണ്ടായിരുന്ന ശരണ്‍ദീപ് സിങ്, ജതിന്‍ പരഞ്ജപെ, ദെവാങ് ഗാന്ധി എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിക്കൊപ്പം തുടരും. എന്നാല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഗഗന്‍ ഖോഡയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും.

ചീഫ് സെലക്റ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു പ്രസാദിന്റേത്. ക്യാപ്റ്റന്‍ വിരാട് കോലിയുടേയും പരിശീലകന്‍ രവി ശാസ്ത്രിയുടേയും കീഴില്‍ ഒരു മികച്ച ടീമിനെ ഒരുക്കാന്‍ പ്രസാദിന് സാധിച്ചിരുന്നു.