അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് 58കാരനായ ശാസ്ത്രി കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.

വാക്സിന്‍ സ്വീകരിച്ചശേഷം അപ്പോളോ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്കും രവി ശാസ്ത്രി നന്ദി പറഞ്ഞു.

60 വയസു കഴിഞ്ഞവര്‍ക്കും 45 വയസു കഴിഞ്ഞ രോഗബാധിതര്‍ക്കുമുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ വിതരണം ഇന്നലെ മുതലാണ് രാജ്യത്ത് ആരംഭിച്ചത്. അതേസമയം, രവി ശാസ്ത്രിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ മറ്റാരെങ്കിലും വാക്സിന്‍ സ്വീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. മറ്റന്നാള്‍ അഹമ്മദബാദിലാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്. നാലു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.