പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തെ തിരിച്ചുവിളിച്ച് ബിസിസിഐ. എത്രയും വേഗം വിന്‍ഡീസില്‍ നിന്ന് മടങ്ങാനാണ് സുനില്‍  സുബ്രഹ്മണ്യത്തിന് ബിസിസിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി.

ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ ശല്യപ്പെടുത്തരുതെന്നാണ്, ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് സുബ്രഹ്മണ്യം പ്രതികരിച്ചത്. സര്‍ക്കാര്‍ ബിസിസിഐയെ അതൃപ്തി അറിയിച്ചതോടെ, ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുകയായിരുന്നു. സുബ്രമണ്യവുമായുള്ള കരാര്‍ നീട്ടേണ്ടെന്ന്, വിനോദ് റായി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനില്‍ പെര്‍ത്ത് ടെസ്റ്റിനിടെയും സുബ്രഹ്മണ്യത്തിനെതിരെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഓസീസ് ടീം ഓപ്പറേഷന്‍സ് മാനേജര്‍ ആദം ഫ്രേസറാണ് അന്ന് കാറ്ററിംഗ് ജീവനക്കാരോടുള്ള സുബ്രഹ്മണ്യത്തിന്റെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചത്.  തമിഴ്നാട് രഞ്ജി ടീം സ്പിന്നറായിരുന്ന സുബ്രഹ്മണ്യം, ആര്‍ അശ്വിന്റെ ആദ്യകാല പരിശീലകനാണ് സുബ്രഹ്മണ്യം.