ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ സ്മൃതി കളിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചുമലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടിയിട്ടില്ല.
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന പാകിസ്ഥാനെതിരെ കളിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ സ്മൃതി കളിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചുമലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടിയിട്ടില്ല.
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ പോര്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇന്ത്യ പതിനഞ്ചിന് വിന്‍ഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയര്‍ലന്‍ഡിനെയും നേരിടും. ജുലന്‍ ഗോസ്വാമിയും മിതാലി രാജും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഷഫാലി വര്‍മ്മ, റിച്ച ഘോഷ് എന്നിവര്‍ സീനിയര്‍ ടീമിലുമുണ്ട്. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവിക വൈദ്യ, പൂജാ വസ്ത്രകാര്‍ എന്നിവരുടെ മികവ് നിര്‍ണായകമാവും. ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും അവസാന സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.
അതേസമയം, അട്ടിമറിയോടെയാണ് ലോകകപ്പിന് തുടക്കമായത്. ശ്രീലങ്ക മൂന്ന് റണ്‍സിന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനാണ് സാധിച്ചത്.
