ദില്ലി: ഗൗതം ഗംഭീർ ബി ജെ പിയിൽ ചേർന്നതോടെ ക്രിക്കറ്റ് താരങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയരാവുകയാണ്. നിരവധി ക്രിക്കറ്റ് താരങ്ങൾ മുന്‍പ് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. 

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഭാഗമായത്. ദില്ലിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ന്യൂ ദില്ലി മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. വിരേന്ദർ സെവാഗിന്‍റെ പേരും ഗംഭീറിനൊപ്പം സജീവമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു സെവാഗ്. 

ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലും പിന്നാലെ പാർലമെന്‍റിലും എത്തിയ താരങ്ങൾ ധാരാളം. 1936ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയെ നയിച്ച വിജയ് ആനന്ദാണ് ലോക്‌സഭയിലെത്തിയ ആദ്യ ക്രിക്കറ്റ് താരം. 1960ൽ കോൺഗ്രസ് ടിക്കറ്റിൽ വിശാഖപട്ടണത്ത് നിന്നാണ് വിജയ് ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. 1983ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കീർത്തി ആസാദ് എം പിയായത് മൂന്ന് തവണ. ബിഹാറിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജയിച്ച കീർത്തി ആസാദ് കഴിഞ്ഞമാസം കോൺഗ്രസിന്‍റെ ഭാഗമായി. 

ചേതൻ ചൗഹാനും നവജ്യോത് സിങ് സിദ്ദുവും പാർലമെന്‍റിൽ എത്തിയത് ബിജെപി എംപിമാരായി. മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ലോക് സഭയിലെത്തിയത് കോൺഗ്രസ് ടിക്കറ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിൽ 2009ൽ ജയിച്ച അസർ കഴിഞ്ഞ തവണ തോൽവി നേരിട്ടു. മുൻ ക്യാപ്റ്റൻ ടൈഗർ പട്ടോഡി, കഴ്‍സൺ ഗാവ്റി, മനോജ് പ്രഭാകർ, ചേതൻ ശർമ, മുഹമ്മദ് കൈഫ് എന്നിവർ ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റ ക്രിക്കറ്റർമാരാണ്.