സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ആരംഭിച്ചത് മതുല്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. താരങ്ങളുടെ പരിക്ക് പരമ്പരയിലുടനീളം ഇന്ത്യയെ പിന്നോട്ടടിച്ചു. ഇപ്പോഴിതാ മറ്റൊരു താരത്തിന് കൂടി പരമ്പര നഷ്ടമായിരിക്കുന്നു. ഓപ്പണര്‍ കെ എല്‍ രാഹുലിനാണ് പരിക്ക് കാരണം പരമ്പര നഷ്ടമാവുക. പരിശീലനത്തിനിടെ ഇടതു കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു.

പരിക്കില്‍ നിന്നും മോചിതനാകാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലുമെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് പരിക്ക് കാരണം പരമ്പര നഷ്ടമായിരുന്നു. ഇരുവരും ബാംഗ്ലൂര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കും. പരിക്കിനെ തുടര്‍ന്ന് ഇശാന്ത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് വന്നിരുന്നില്ല. എന്നാല്‍ രാഹുലിന്റെ പരിക്ക് ടീമിനെ ഏറെ ബാധിക്കില്ല. 

കഴിഞ്ഞ രണ്ട് ടെസ്റ്റിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കില്ലെങ്കില്‍ തന്നെ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും രാഹുലിന് അവസരം ലഭിക്കുക പ്രയാസമായിരുന്നു. രോഹിത് ശര്‍മ തിരിച്ചുവന്ന സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ ഹനുമ വിഹാരിയുമുണ്ട്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിക്കണമെന്ന് വാദമുണ്ടായിരുന്നു.