Asianet News MalayalamAsianet News Malayalam

ഇനിയൊരു വരവില്ല! ജുലന്‍ ഗോസ്വാമിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇംഗ്ലണ്ട് വനിതാ ടീം- വീഡിയോ കാണാം

ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു.

Indian pacer Jhulan Goswami receives Guard of Honour in her last match
Author
First Published Sep 24, 2022, 8:19 PM IST

ലണ്ടന്‍: ക്രിക്കറ്റ് കരിയറില്‍ തന്റെ അവസാന മത്സരം കളിക്കുന്ന ജുലന്‍ ഗോസ്വാമിക്ക് ഗാര്‍ഡ് ഓണര്‍ നല്‍കി ഇംഗ്ലണ്ട് വനിതാ ടീം. 39കാരി ബാറ്റിംഗിനെത്തിയപ്പോഴാണ് ഇംഗ്ലീഷ് ടീമിലെ താരങ്ങള്‍ രണ്ട് വശത്തായി നിന്ന് കയ്യടിയോടെ വരവേറ്റത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായിരുന്നു. ഫ്രേയ കെംപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ പന്തെറിയാനെത്തിയ ജുലന്റെ ഇന്ത്യന്‍ സഹതാരങ്ങളും ഗ്രൗണ്ടിലേക്ക് ആനയിച്ചു.

ഇതുവരെ അഞ്ച് ഓവര്‍ പൂര്‍ത്തിയാക്കിയ ജുലന്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ നാലിന് 43 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ താമി ബ്യൂമോണ്ട് (8), എമ്മ ലാംപ് (21), സോഫിയ ഡങ്ക്‌ളി (7), ആലിസ് കാപ്‌സി (5) എന്നിവരാണ് പുറത്തായത്. ഗോസ്വാമിക്ക് ഒരു വിക്കറ്റുണ്ട്. രേണുക സിംഗിനാണ് ശേഷിക്കുന്ന വിക്കറ്റുകള്‍. ഡാനിയേല വ്യാട്ട് (0), എമി ജോണ്‍സ് (0)  എന്നിവരാണ് ക്രീസില്‍. ജുലന് ഇംഗ്ലീഷ് താരങ്ങള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ വീഡിയോ കാണാം... 

നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലാണ്. 

തുടര്‍ന്ന് ദീപ്തി- മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മന്ഥാനയെ പുറത്താക്കി ക്രോസ് ഒരിക്കല്‍കൂടി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ പൂജ വസ്ത്രകര്‍ (22) മാത്രമാണ് രണ്ടക്കം കണ്ടത്. ദയാലന്‍ ഹേമലത (2), ഗോസ്വാമി (0), രേണുക സിംഗ് (0), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപ്തി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറികള്‍ ദീപ്തിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ക്രോസിന് പുറമെ സോഫി എക്ലെസ്റ്റോണ്‍, ഫ്രേയ കെംപ് എന്നിവര്‍ രണ്ടും ഫ്രേയ ഡേവിസ്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചു. അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ദയാലന്‍ ഹേമലത, ജുലന്‍ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, എമ്മ ലാംപ്, സോഫിയ ഡങ്ക്‌ളി, അലിസ് കാപ്‌സി, ഡാനിയേല വ്യാട്ട്, എമി ജോണ്‍സ്, ഫ്രേയ കെംപ്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലോട്ട് ഡീന്‍, കേറ്റ് ക്രോസ്, ഫ്രേയ ഡേവിസ്.
 

Follow Us:
Download App:
  • android
  • ios