Asianet News MalayalamAsianet News Malayalam

കരുത്ത് കാട്ടി ഇന്ത്യന്‍ പേസര്‍മാര്‍; ഇന്‍ഡോറില്‍ ബംഗ്ലാദേശിന്റെ തകര്‍ച്ച പൂര്‍ണം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി.

indian pacers send bangla batsmans to pavilion on 150
Author
Indore, First Published Nov 14, 2019, 3:00 PM IST

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇശാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി.

മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസന്‍ (0) എന്നിവര്‍ രണ്ടാം സെഷനിലും മടങ്ങി. മൊമിനുള്‍ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. മുഷ്ഫിഖറിനേയും മെഹ്ദി ഹസനേയും ഷമി അടുത്തടുത്ത പന്തുകളില്‍ ഷമി മടക്കി. മൂന്നാം സെഷനിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസ് (21) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇശാന്തിനായിരുന്നു വിക്കറ്റ്. തയ്ജുല്‍ ഇസ്ലാം ആവട്ടെ റണ്ണൗട്ടാവുകയും ചെയ്തു. ഇബാദത്ത് ഹുസൈനെ ഉമേഷ് ബൗള്‍ഡാക്കുകയായിരുന്നു.

രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ നേടാന്‍ അശ്വിനായി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios