കൊല്‍ക്കത്ത: ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കൊല്‍ക്കത്തയില്‍ നടക്കുന്ന പിങ്ക് ടെസ്റ്റിനിടെ ബംഗ്ലാഗദേശിന്റെ രണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരേ സമയം പരിക്കേറ്റപ്പോഴാണ് കോലി ഇന്ത്യന്‍ ഫിസിയോ നിതിന്‍ പട്ടേലിനെ ഗ്രൗണ്ടിലേക്ക് വിളിച്ചത്.  

മുഹമ്മദ് ഷമിയുടെ പന്ത് തലയില്‍ കൊണ്ട് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ നയീം ഹസന്‍ ഗ്രൗണ്ടില്‍ വീണപ്പോഴായിരുന്നു ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന കോലിയുടെ നടപടി. നേരത്തെ ഷമിയുടെ പന്ത് കൊണ്ട് പരിക്കേറ്റ ലിറ്റണ്‍ ദാസിനെ പരിചരിക്കുകയായിരുന്നു ഈ സമയം ബംഗ്ലാദേശ് ഫിസിയോ. എന്നാല്‍ ഒട്ടും സമയം കളയാതെ ഇന്ത്യന്‍ ഫിസിയോയെ വിളിച്ച് നയീമിനെ പരിശോധിക്കാന്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.  ഇന്ത്യന്‍ ഫിസിയോ എത്തി പരിശോധിച്ചതിന് പിന്നാലെ ബംഗ്ലാദേശ് ഫിസിയോയും നയീമിനെ പരിശോധിക്കാന്‍ ഗ്രൗണ്ടിലെത്തി.

പിന്നീട് നയീം ബാറ്റിംഗ് തുടര്‍ന്നെങ്കിലും ഇഷാന്തിന്റെ പന്തില്‍ പുറത്തായി. ഡ്രസ്സിംഗ് റൂമിലെത്തിയശേഷം ചെവിക്ക് താഴെയേറ്റ പരിക്ക് അലട്ടിയതിനാല്‍ നയീം ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. നയീമിന്റെ പകരക്കാരനായി തൈജുള്‍ ഇസ്ലാം ആണ് പിന്നീട് ഫീല്‍ഡില്‍ ഇറങ്ങിയത്. നേരത്തെ ലിറ്റണ്‍ ദാസിനും പരിക്കേറ്റതിനെത്തുടര്‍ന്ന് മെഹ്ദി ഹസനെ ബംഗ്ലാദേശ് പകരക്കാരനായി ഇറക്കിയിരുന്നു. ഒരു ടെസ്റ്റില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നടത്തുന്ന ആദ്യ ടീമായും അങ്ങനെ ബംഗ്ലാദേശ് മാറി.