രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടി20യില്‍ ശക്തമായി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. കളിക്കാരെല്ലാം പരിശീലനത്തിനും വ്യായാമത്തിനുമായി പതിവിലും കൂടുതല്‍ സമയം നീക്കിവെക്കുകുയും ചെയ്തു. രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ടി20യിലും തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന നാണക്കേടിലാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഈ മത്സരം എന്തുവിലകൊടുത്തും ജയിച്ചേ പറ്റു.

മത്സരത്തലേന്ന് ടീം ഇന്ത്യയുടെ സ്ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ആയ നിക്ക് വെബ്ബ് താരങ്ങള്‍ക്ക് മുന്നില്‍ ഫിറ്റ്നസ് ചലഞ്ച് മുന്നോട്ടുവെച്ചപ്പോള്‍ അതില്‍ വിജയിയായത് ശ്രേയസ് അയ്യരായിരുന്നു. അയ്യര്‍ക്കും രാഹുലിനും കയറുകൊണ്ട് തിരമാലകള്‍ ഉണ്ടാക്കുന്ന വ്യായാമമുറയാണ് നിക്ക് വെബ്ബ് നല്‍കിയത്. 30 സെക്കന്‍ഡില്‍ പരമാവിധി അലകള്‍ ഉയര്‍ത്തുക എന്നതായിരുന്നു വെല്ലുവിളി.

ആദ്യം വ്യായാമം ചെയ്തതത് രാഹുലായിരുന്നു. 30 സെക്കന്‍ഡില്‍ 40 അലകളാണ് രാഹുല്‍ ചെയ്തതെങ്കില്‍ രണ്ടാമത് ചെയ്ത അയ്യര്‍ 30 സെക്കന്‍ഡില്‍ 50 അലകളുയര്‍ത്തി കരുത്തു തെളിയിച്ചു. ജിമ്മില്‍ ഇന്ത്യന്‍ താരങ്ങളുള്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തു.