ഈ മാസമാദ്യം ഇംഗ്ലണ്ടിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ കഴിഞ്ഞയാഴ്ച്ചയാണ് പരിശീലനം ആരംഭിച്ചിരുന്നത്. 

സതാംപ്ടണ്‍: 20 അംഗ ടീമിനെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായി ബിസിസിഐ തിരഞ്ഞെടുത്തത്. ഇതില്‍ 15 താരങ്ങള്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായിരുന്നു. ഈ മാസമാദ്യം ഇംഗ്ലണ്ടിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ കഴിഞ്ഞയാഴ്ച്ചയാണ് പരിശീലനം ആരംഭിച്ചിരുന്നത്. 

മായങ്ക് അഗര്‍വാള്‍, ഷര്‍ദുല്‍ താക്കൂര്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് 20 അംഗ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട് താരങ്ങള്‍. ഈ താരങ്ങളെല്ലാം ബയോ ബബിള്‍ വിട്ട ലണ്ടനിലേക്ക് പോയെന്ന് ഇംഗ്ലീഷ് മാധ്യമമായ മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബിസിസിഐയുടെ അറിവോടെയാണ് താരങ്ങള്‍ ലണ്ടനിലേക്ക് പോയത്.

ദൈര്‍ഘ്യമേറിയ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് താരങ്ങള്‍ മാനസികമായി തളരാതെയിരിക്കാനാണ് ഇത്തരമൊരു തീരുമാനം ടീം മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുന്നത്. പ്രധാന സ്‌ക്വാഡിലെ അഞ്ച് താരങ്ങള്‍ക്കൊപ്പം നാല് റിസര്‍വ്വ് കളികാരെയും ബയോബബിള്‍ വിടാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് അനുവദിച്ചു.

ഫൈനലിന് ശേഷം ബാക്കി ഇന്ത്യന്‍ താരങ്ങളും, ടീം സ്റ്റാഫുകളും ബയോബബിളില്‍ നിന്ന് പുറത്ത് കടക്കും. പിന്നീട് മൂന്നാഴ്ച്ച വിശ്രമമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക്. ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയും കളിക്കും.