കറാച്ചി:രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയോട് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിക്കണമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നത് ആവേശകരമായിരിക്കുമെന്നും അക്തര്‍ പറഞ്ഞു.

കളിക്കാരെ പിന്തുണക്കുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടുതന്നെ ധോണി ടി20 ലോകകപ്പില്‍ കൂടി കളിക്കണമായിരുന്നു. പക്ഷെ വിരമിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. റാഞ്ചിയെന്ന ചെറിയ സ്ഥലത്തുനിന്ന് വന്ന് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ ധോണി കളിക്കളത്തില്‍ നേടാവുന്നതെല്ലാം നേടിയാണ് മടങ്ങുന്നത്. ഇന്ത്യക്കാര്‍ ധോണിയുടെ പേര് എന്നും ഓര്‍ത്തിരിക്കും.


എങ്കിലും ധോണിക്ക് ഉചിതമായൊരു യാത്രയയപ്പ് വേണ്ടിയിരുന്നു. അതിനായി ഇന്ത്യ മുഴുവന്‍ എത്തുമായിരുന്നു. ഇന്ത്യ അതിനുള്ള ഒരുക്കത്തിലാണ് എന്ന് എനിക്കുറപ്പുണ്ട്. ധോണിക്ക് അത് താല്‍പര്യമുണ്ടോ എന്നത് മറ്റൊരു കാര്യം. ഏതാനും ടി20 മത്സരങ്ങളില്‍ കൂടി അദ്ദേഹം കളിക്കണമായിരുന്നു. ആ കളി കാണാന്‍ സ്റ്റേഡിയം മുഴവന്‍ നിറഞ്ഞു കവിയുമായിരുന്നു.

 ടി20 ലോകകപ്പില്‍ കളിക്കാന്‍ ധോണിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ടു കൂടായ്കയില്ല. നമുക്ക് അറിയില്ലല്ലോ. അതും ഒരു സാധ്യതയാണ്. 1987ന് മുമ്പ് പാക് ക്രിക്കറ്റ് വിടരുതെന്ന്  ഇമ്രാന്‍ ഖാനോട് ജനറല്‍ സിയാ ഉള്‍ ഹഖ് ആവശ്യപ്പെട്ടതിനനുസരിച്ച് അദ്ദേഹം കളി തുടര്‍ന്നത് ഓര്‍മയില്ലെ. അതുപോലെ പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാല്‍ കളിക്കാര്‍ക്ക് നിരസിക്കാനാകുമോ-അക്തര്‍ ചോദിച്ചു.

വരുന്ന ഐപിഎല്ലില്‍ ധോണി മികവുറ്റ പ്രകടനമാകും പുറത്തെടുക്കുകയെന്നും അക്തര്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രാത്രി 7.29ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വരി കുറിപ്പിലൂടെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്ക് പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈക്കായി ധോണി തുടര്‍ന്നും കളിക്കും.