ടി20 ലോകകപ്പില്‍ സീനിയർ താരം രോഹിത് ശർമ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്

മുംബൈ: ഐപിഎല്‍ 2024 സീസണിന് പിന്നാലെ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനത്തിന്‍റെ തിയതിയായി. മെയ് ഒന്നാം തിയതി സ്ക്വാഡ് ബിസിസിഐ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. രോഹിത് ശർമ്മ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയായിരിക്കും എന്നും സൂചനയുണ്ട്. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റ വിവാദങ്ങള്‍ക്ക് ശേഷം രോഹിത്തും ഹാർദിക്കും ഒന്നിച്ച് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ലോകകപ്പില്‍ ആകാംക്ഷയാകും.

ട്വന്‍റി 20 ലോകകപ്പില്‍ സീനിയർ താരം രോഹിത് ശർമ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഹിത്തിനൊപ്പം മറ്റൊരു സീനിയർ താരം വിരാട് കോലിക്കും അവസരം ലഭിക്കുമോ എന്ന ചോദ്യം സജീവമാണ്. വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ വരുമ്പോള്‍ ജസ്പ്രീത് ബുമ്രയാണ് ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരു താരം. പരിക്കേറ്റ മുഹമ്മദ് ഷമി ലോകകപ്പ് സെലക്ഷനുണ്ടാകുമോ എന്നത് വ്യക്തമല്ല. യശസ്വി ജയ്സ്വാള്‍, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരും സ്ക്വാഡില്‍ ഉറപ്പാണ് എങ്കില്‍ വിക്കറ്റ് കീപ്പറായി ആരൊക്കെ വരും എന്നതാണ് പ്രധാന ചോദ്യം.

ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന റിഷഭ് പന്ത് ലോകകപ്പിനുണ്ടാകുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. ടീം ഇന്ത്യയുടെ എക്സ് ഫാക്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിഷഭ്. ഐപിഎല്‍ പ്രകടനം പരിഗണനാ വിഷയം ആവുമെന്നതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണിന് ലീഗിലെ പ്രകടനം നിർണായകമാകും. ബുമ്രക്ക് പുറമെ ആരൊക്കെ പേസർമായി ഇടംപിടിക്കും ജഡേജയ്ക്ക് പുറമെ ആരൊക്കെ സ്പിന്നർമാരായി വരും എന്നതും വലിയ ചോദ്യമാണ്.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇക്കുറി ട്വന്‍റി 20 ലോകകപ്പ് നടക്കുക. ജൂണ്‍ 2ന് അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ജൂണ്‍ അഞ്ചിന് അയർലന്‍ഡിനെ നേരിട്ടുകൊണ്ടാണ് ടീം ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുക. 

Read more: 'നിയമം എല്ലാവര്‍ക്കും ബാധകമല്ല, ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പുറത്ത്, പാണ്ഡ്യ അകത്ത്'; ചോദ്യം ചെയ്ത് പത്താന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം