Asianet News MalayalamAsianet News Malayalam

സര്‍പ്രൈസായി അശ്വിന്‍, സിറാജിനും ചാഹലിനും നിര്‍ഭാഗ്യം, സഞ്ജുവിന് വിനയായത് സ്ഥിരതയില്ലായ്മ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോലിയുടെ വിശ്വസ്ത ബൗളര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും ടീമിലെത്തിയില്ല എന്നതും മറ്റൊരു കൗതുകമായി.

Indian squad for T20 world cup,Ashwin big Surprise, Siraj and Chahar unlucky
Author
Mumbai, First Published Sep 8, 2021, 10:43 PM IST

മുംബൈ: പരിചയസമ്പത്തിനൊപ്പം നിലവിലെ ഫോം കൂടി കണക്കിലെടുത്താണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തെ ഇടവേളക്കുശേഷം അശ്വിന്‍ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ നാലു ടെസ്റ്റിലും അശ്വിനെ കളിപ്പിക്കാതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ഒരുപക്ഷെ അശ്വിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോലിയുടെ വിശ്വസ്ത ബൗളര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും ടീമിലെത്തിയില്ല എന്നതും മറ്റൊരു കൗതുകമായി. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യ പാദത്തില്‍ ഏഴ് മത്സരങ്ങളില്‍ ചാഹല്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തിയപ്പോള്‍ പകരമെത്തിയ രാഹുല്‍ ചാഹര്‍ മുംബൈക്കായി ഏഴ് കളികളില്‍ 11 വിക്കറ്റെടുത്തിരുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിലും ചാഹര്‍ തിളങ്ങി. ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരലിനേറ്റ പരിക്കാണ് വാഷിംഗ്ടണ്‍ സുന്ദറിനെ ചതിച്ചത്.

15 അംഗ ടീമില്‍ മൂന്ന് പേസര്‍മാര്‍ മതിയെന്ന സെലക്ടര്‍മാരുടെ തീരുമാനമാണ് സിറാജിന് സ്ഥാനം നഷ്ടമാവാന്‍ കാരണമായത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യഘട്ടത്തില്‍ സിറാജ് ബാംഗ്ലൂരിന്‍റെ സ്ട്രൈക്ക് ബൗളറായി മാറിയിരുന്നു. യുഎഇയിലെ സ്ലോ പിച്ചുകള്‍ സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ നാല്  സ്പിന്നര്‍മാരെ ടീമിലെടുത്തതും ഇത് മുന്‍കൂട്ടി കണ്ടാണ്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനമാണ് പാതി മലയാളിയായ വരുണ്‍ ചക്രവര്‍ത്തിയെ തുണച്ചത്.

Indian squad for T20 world cup,Ashwin big Surprise, Siraj and Chahar unlucky

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഐപിഎല്ലിന്‍റെ ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിറം മങ്ങിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇഷാന്‍ കിഷനാകട്ടെ ശ്ര്രീലങ്കക്കെതിരായ ഒരു മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.

മൂന്നാം ഓപ്പണറായി ശിഖര്‍ ധവാനോ പൃഥ്വി ഷായോ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓപ്പണര്‍മാരായി രാഹുലിനെയും രോഹിത്തിനെയും മാത്രമെ സെലക്ടര്‍മാര്‍ പരിഗണിച്ചുള്ളു എന്നതു ശ്രദ്ധേയമായി. ഐപിഎല്ലില്‍ ബാംഗ്ലൂരിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ വിരാട് കോലി ലോകകപ്പിലും ഓപ്പണറാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

നാല് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരും ഉള്ള ടീമില്‍ നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണുള്ളത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.

സ്റ്റാന്‍ന്‍ഡ് ബൈ താരങ്ങള്‍ – Shreyas Iyer, Shardul Thakur, Deepak Chahar.

Follow Us:
Download App:
  • android
  • ios