കറാച്ചി: അതിവേഗം കൊണ്ട് എതിര്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ചിട്ടുള്ള പേസറാണ് പാക്കിസ്ഥാന്റെ ഷൊയൈബ് അക്തര്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡും അക്തറിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ പലപ്പോഴും എതിരാളികള്‍ പോലും തന്നോട് വേഗത കുറച്ച് പന്തെറിയാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് അക്തര്‍.

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുതയ്യ മുരളീധരനാണ് തന്നോടേ വേഗത കുറച്ച് പന്തെറിയണമെന്ന് സ്ഥിരമായി പറയാറുള്ള ഒരാളെന്ന് അക്തര്‍ പറഞ്ഞു. മുരളിക്ക് എന്റെ വേഗതയേറിയ പന്തുകളെ നേരിടാന്‍ പേടിയായിരുന്നു. അതുകൊണ്ടുതന്നെ, തനിക്കെതിരെ പന്തെറിയുമ്പോള്‍ വേഗം കുറച്ച് എറിഞ്ഞാലും താന്‍ ഔട്ടാവാമെന്ന് മുരളി പറയാറുണ്ടെന്നും അക്തര്‍ പറഞ്ഞു.മുരളിയുടെ സ്പിന്‍ നേരിടാന്‍ പറ്റാത്തതിനാല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ എറിഞ്ഞു തകര്‍ക്കെന്ന് മുഹമ്മദ് യൂസഫ് എന്നോട് പറയും. ഒരു തവണ മുരളിക്കെതിരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് വന്ന് പറഞ്ഞു, എന്നോട് ഇത് ചെയ്യരുത്. കാരണം ആ പന്ത് ദേഹത്തുകൊണ്ടാല്‍ ഞാന്‍ മരിക്കും.

മുരളീധരന്‍ മാത്രമല്ല, ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ചില വാലറ്റക്കാരും ഇത്തരത്തില്‍ വേഗം കുറച്ച് പന്തെറിയാന്‍ പറഞ്ഞിട്ടുണ്ടെന്ന് അക്തര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് കുടുംബമുണ്ട്, അതുകൊണ്ട് വേഗത കുറച്ച് എറിയണമെന്ന് അവര്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍ തന്റെ ബൗണ്‍സര്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറുടെ പന്തില്‍ പുള്‍ ഷോട്ട് കളിക്കരുതെന്ന്. ഒന്ന് പിഴച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കുമെന്ന്. എന്നാല്‍ അദ്ദേഹം അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കാതെ പുള്‍ ഷോട്ട് കളിച്ചു. 2003ലെ ലാഹോര്‍ ടെസ്റ്റില്‍ എന്റെ ബൂണ്‍സര്‍ കൊണ്ട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്തു-അക്തര്‍ പറഞ്ഞു.

കിര്‍സ്റ്റനാണ് തന്നിലെ പ്രതിഭയെ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം അക്തര്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി നെറ്റ്സില്‍ പന്തെറിയാനെത്തിയ തന്റെ വേഗം കണ്ട് മതിപ്പ് തോന്നിയ കിര്‍സ്റ്റന്‍ തനിക്ക് പന്തെറിയാമോ എന്ന് എന്നോട് ചോദിച്ചു. ജോണ്ടി റോഡ്സും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കിര്‍സ്റ്റന് പന്തെറിഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് താങ്കള്‍ മികച്ച പേസ് ബൗളറാണെന്നും പാക്കിസ്ഥാന്‍ ടീനില്‍ കളിക്കേണ്ടയാളാണെന്നും. എന്നാല്‍ പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ തചന്നെ നാലുവര്‍ഷം കാത്തിരുത്തിയശേഷമാണ് അവസരം നല്‍കിയത്. തന്റെ പ്രതാപകാലത്ത് അവസരം നല്‍കിയില്ലെന്നും അക്തര്‍ പറഞ്ഞിരുന്നു.