ബ്രിസ്ബേന്‍: ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിനെയും കൊണ്ട് ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി പാക് ക്രിക്കറ്റ് താരങ്ങള്‍. എബിസി റോഡിയോ അവതാരകയായ അലിസണ്‍ മിച്ചലാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണോട് ലൈവ് കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

അലിസണ്‍ മിച്ചലിനെ മത്സരം നടക്കുന്ന ഗാബ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നതും ഇന്ത്യക്കാരനായ ഇതേ ടാക്സി ഡ്രൈവറായിരുന്നു. യാത്രക്കിടെയാണ് പാക് താരങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച കാര്യം ഡ്രൈവര്‍ തന്നോട് പറയുകയായിരുന്നുവെന്ന് അലിസണ്‍ മിച്ചല്‍ ജോണ്‍സണോട് പറഞ്ഞു.

പാക് താരങ്ങളായ ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ, നസീം ഷാ എന്നിവരടക്കം അഞ്ചുപേരെയുകൊണ്ട് സ്റ്റേഡിയത്തില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടലിലേക്ക് കാറില്‍ കൊണ്ടുപോയത് ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറായിരുന്നു. യാത്രക്കുശേഷം കളിക്കാര്‍ ടാക്സി വാടക നല്‍കിയപ്പോള്‍ സ്നേഹത്തോടെ അദ്ദേഹം അത് നിരസിച്ചു. പണം വാങ്ങുന്നില്ലെങ്കില്‍ തങ്ങളുടെ കൂടെ അത്താഴം കഴിക്കണമെന്ന പാക് താരങ്ങളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് ഓടുവില്‍ അയാള്‍ വഴങ്ങി.

അങ്ങനെയാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമിരുന്ന് തനിക്ക് അത്താഴം കഴിക്കാനായതെന്ന് ടാക്സി ഡ്രൈവര്‍ തന്നോട് വെളിപ്പെടുത്തിയതെന്ന് അലിസണ്‍ പറഞ്ഞു. അലിസണ്‍ ലൈവ് കമന്ററിക്കിടെ ഇക്കാര്യം മിച്ചല്‍ ജോണ്‍സണോട് പറയുന്ന വീഡിയോ ആയിരക്കണക്കിന് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ബ്രിസ്ബേനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ ഇന്നിംഗ്സിനും അഞ്ചു റണ്‍സിനും തോല്‍പ്പിച്ചിരുന്നു.