ഇന്ത്യയുടെ മുന്‍ ഓപ്പണറായ പൃഥ്വി ഷായെയും മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ബാക്ക് അപ്പ് ഓപ്പണര്‍മാരായി ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് സെലക്ഷന്‍ കമ്മിറ്റിയോട് ഇമെയിലിലൂടെ ആവശ്യപ്പെട്ടത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം രണ്ട് ഓപ്പണര്‍മാരെ ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് കഴിഞ്ഞ മാസം 28ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മക്ക് ഇ-മെയില്‍ അയച്ചെങ്കിലും ഇതുവരെ പ്രതികരിക്കാതെ സെലക്ഷന്‍ കമ്മിറ്റി. ഇന്ത്യയുടെ മുന്‍ ഓപ്പണറായ പൃഥ്വി ഷായെയും മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ബാക്ക് അപ്പ് ഓപ്പണര്‍മാരായി ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് സെലക്ഷന്‍ കമ്മിറ്റിയോട് ഇമെയിലിലൂടെ ആവശ്യപ്പെട്ടതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

20 അംഗ ടെസ്റ്റ് ടീമില്‍ മായങ്ക് അഗര്‍വാളും ഇംഗ്ലണ്ടില്‍ മുമ്പ് ഓപ്പണറായിരുന്നിട്ടുള്ള കെ എല്‍ രാഹുലും ഉണ്ടെങ്കിലും രാഹുലിനെ മധ്യനിരയിലേക്ക് മാത്രമെ പരിണിക്കൂ എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ ഇപ്പോഴത്തെ നിലപാട്. ഇതിന് പുറമെ റിസര്‍വ് താരമായി അഭിമന്യു ഈശ്വരന്‍ ടീമിനൊപ്പം ഉണ്ടെങ്കിലും അഭിമന്യുവിന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനുള്ള സമയമായിട്ടില്ലെന്നും ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മായങ്ക് അഗര്‍വാളിന് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ പകരം ഓപ്പണറായി പരിഗണിക്കാവുന്ന പൃഥ്വി ഷായെയും ദേവ്ദത്ത് പടിക്കിലെനയും ഉടന്‍ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് കഴിഞ്ഞ മാസം 28ന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം പരിക്കേറ്റ ശുബ്മാന്‍ ഗില്ലിന് പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്ന് മാസമെങ്കിലും വേണ്ടിവരും.

പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും നിലവില്‍ ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരകളിക്കാനായി ശ്രീലങ്കയിലാണ്. 13 ന് തുടങ്ങുന്ന പരമ്പര 26ന് മാത്രമെ തീരു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിനാണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് പ്രായോഗികമാണോ എന്ന വലിയ ചോദ്യമാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ളത്.