Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്‍റീന്‍ തുടങ്ങി

ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ മുംബൈയിലെത്തിയത്. ഇന്ത്യ അടുത്തമാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ന്യൂസിലൻഡിനെയും തുടർന്ന് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെയും നേരിടും.

Indian team members Reach Mumbai For Quarantine Ahead Of England Tour
Author
Mumbai, First Published May 20, 2021, 10:36 AM IST

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുൻപുള്ള ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ ക്വാറന്‍റീൻ തുടങ്ങി. ആർ.അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ആദ്യം മുംബൈയിൽ എത്തിയത്. വനിതാതാരം മിതാലി രാജും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ മുംബൈയിലെത്തിയത്. ഇന്ത്യ അടുത്തമാസം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ന്യൂസിലൻഡിനെയും തുടർന്ന് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെയും നേരിടും.

ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും മൂന്ന് ട്വന്‍റി 20യും മൂന്ന് ഏകദിനവുമാണ് കളിക്കുക. ജൂൺ രണ്ടിനാണ് ഇന്ത്യൻ ടീം പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് പോവുക. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനെയും സെലക്ടര്‍മാര്‍ ഇന്നലെ ഉള്‍പ്പെടുത്തിയിരുന്നു.

ഐപിഎല്ലിനിടെ കൊവിഡ് പിടിപെട്ട വൃദ്ധിമാന്‍ സാഹ കഴിഞ്ഞ ദിവസം രോഗമുക്തനായെങ്കിലും ബാക്ക്‌അപ് എന്ന നിലയ്‌ക്കാണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് താരങ്ങള്‍ക്കൊപ്പം ബയോ-ബബിളില്‍ പ്രവേശിക്കാന്‍ സാഹയ്‌ക്കും കഴിയുമെങ്കിലും മൂന്ന് മാസത്തോളം നീണ്ട പര്യടനത്തിന്‍റെ കാഠിന്യം പരിഗണിച്ച് സെലക്‌ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. റിഷഭ് പന്താണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍.

സതാംപ്‌ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ നേരിടുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios