കൊളംബൊ: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ തരിപ്പണമായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ കേവലം 32.4 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്തായി. 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ദ്രുവ് ജുറല്‍ 33 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമീം ഹൊസൈനിന്റെയും മൃതുന്‍ജോയ് ചൗന്ദരിയുടെയും പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു. പിന്നാലെ ജുറല്‍- ശാശ്വത് റാവത്ത് (19) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടിച്ചു. റാവത്ത്  പുറത്തായ ശേഷം മധ്യനിര പൊരുതാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി. വാലറ്റത്തെ കൂട്ടുപിടിച്ച് കരണ്‍ ലാല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.

ബംഗ്ലാ നിരയില്‍ തന്‍സിം ഹസന്‍ സാക്കിബ്, ഷഹിന്‍ ആലം ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മുടക്കിയത് കാരണം ഗ്രൂപ്പ് ചാംപ്യന്മാരായ ടീമുകളെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.