രോഹിത് വിരമിക്കല്‍ പദ്ധതിയെക്കുറിച്ച് ഇന്ത്യന്‍ ടീമുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗില്‍ പറഞ്ഞു.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്ന സമയമാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലായിട്ടില്ലെങ്കിലും രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ പലപ്പോഴും ടീമിന് വലിയ ഊര്‍ജ്ജമായിട്ടുണ്ട്. എന്നാല്‍ 38 വയസിലേക്ക് കടക്കുന്ന രോഹിത്തിന് ഇനി എത്രകാലം കൂടി ടീമില്‍ തുടരാനാകുമെന്ന ചോദ്യവും ബാക്കിയുണ്ട്. അതിനിടെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാലിപ്പോള്‍ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രോഹിത് വിരമിക്കല്‍ പദ്ധതിയെക്കുറിച്ച് ഇന്ത്യന്‍ ടീമുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗില്‍ പറഞ്ഞു. ഗില്ലിന്റെ വാക്കുകള്‍... ''ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. മത്സരം ജയിക്കുന്നതിനെക്കുറിച്ചാണ് എല്ലാ സംസാരവും ചര്‍ച്ചയും. മത്സരം ജയിക്കാന്‍ നമ്മള്‍ എന്തുചെയ്യണമെന്നാണ് ചിന്തിക്കുന്നത്. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഫൈനല്‍ ജയിക്കുന്നതിനെക്കുറിച്ച് രോഹിത് ചിന്തിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ആദ്യം ചാംപ്യന്‍സ് ട്രോഫി നേടുന്നതിനാണ് പരിഗണന. നാളെ മത്സരം കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും.'' ഗില്‍ പറഞ്ഞു.
'ഞാന്‍ ഒരുപാട് മാറി, പാകത വന്നു'; ഏകദിന ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തെ കുറിച്ച് ഗില്‍
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയാല്‍ രോഹിത് കളിക്കാരനായി മാത്രം ടീമില്‍ തുടരാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയോ ശുഭ്മാന്‍ ഗില്ലോ ക്യാപ്റ്റനാകുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട് രോഹിത് തന്നെയാണെന്നും ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ടീമിന് ഗുണകരമാണെങ്കിലും ക്യാപ്റ്റന്‍ കുറച്ചുകൂടി ക്ഷമയോടെ ക്രീസില്‍ നില്‍ക്കണമെന്നാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
രോഹിത് 25-30 ഓവര്‍ ക്രീസിലുണ്ടെങ്കില്‍ തന്നെ സ്വാഭാവികമായും ഇന്ത്യ 180-200 റണ്‍സ് പിന്നിട്ടിരിക്കും. ഇതോടെ 350 എന്ന ടോട്ടല്‍ അനായാസം അടിച്ചെടുക്കാനുമാകും. രോഹിത് 25-30 ഓവര്‍ ക്രീസിലുണ്ടെങ്കില്‍ തന്നെ എതിരാളികളുടെ കൈയില്‍ നിന്ന് മത്സരം സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമെന്നും അതാണ് രോഹിത്തിന്‍രെ പ്രഭാവമെന്നും ഗവാസ്‌കര്‍ പറയുന്നു. 25-30 റണ്‍സടെക്കുന്നതില്‍ സംതൃപ്തനാവാതെ 25-30 ഓവര്‍ കളിക്കാന്‍ രോഹിത് ശ്രമിക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

