മുംബൈ: കായിക ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നവില്‍ ഒന്നാം സ്ഥാനത്തുണ്ട് ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പറന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് നല്‍കാന്‍ യാത്രാബത്തയില്ലെന്ന് പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചു. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20 മത്സരങ്ങള്‍ക്കുമായിട്ടാണ് ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്. അതും യാത്രാബത്തയില്ലാതെ. 

പുതിയ സമിതി ബിസിസിഐ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പാണ് സംഭവം. ഇടക്കാല സമിതിയുടെ കീഴിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. ടീമിനുള്ള ബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ ചാര്‍ജുള്ള മുന്‍ ഇന്ത്യന്‍ താരം സബാ കരീം ഇടക്കാല സമിതിയെ സമീപിച്ചു. സെപ്റ്റംബര്‍ 23നാണ് ബത്ത ആവശ്യപ്പെട്ട് ആദ്യ മെയ്ല്‍ അയച്ചത്. 

പിന്നീട് അതേമാസം 25ന് വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 24വരെ ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ല. ഇതിനിടെ ഇന്ത്യന്‍ ടീം വിന്‍ഡീസിലേക്ക് യാത്ര തിരിച്ചു. പിന്നീട് ഇന്നലെ പണം അയച്ചുനല്‍കുന്നത് വരെ വിന്‍ഡീസില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഇന്ത്യന്‍ വനിതാ ടീം. അക്കൗണ്ട് വഴിയാണ് ടീമിന് പണം കൈമാറിയത്.

ബിസിസിഐ രണ്ട് ടീമിന്റെയും കാര്യത്തില്‍ വ്യത്യസ്ത മനോഭാവമാണ് വച്ചുപുലര്‍ത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും കുറിച്ചിട്ടു. വനിതാ ടീമായതുകൊണ്ടാണ് ഇത്തരം അശ്രദ്ധയെന്നും പുരുഷ ടീം ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നുമാണ് സംസാരം.

എന്നാല്‍ പുതിയ കമ്മിറ്റി അധികാരമേറ്റെടുത്തതോടെ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടന്നുവെന്ന് ബിസിസിഐ വക്താവ് അറിയിച്ചു. നാളെയാണ് ആദ്യ ഏകദിനം ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് മത്സരം. ടി20 പരമ്പരയ്ക്ക് 10ന് തുടക്കമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന- ടി20 പരമ്പര നേടിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്.