ഇന്ത്യന്‍ വനിതാ ടീമിന് പുറമെ എയര്‍ ഇന്ത്യ, കര്‍ണാടക, പോണ്ടിച്ചേരി ടീമുകള്‍ക്കായും കരുണാ ജെയ്‌ന്‍ കളിച്ചിട്ടുണ്ട്
ബെംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ കരുണാ ജെയ്‌ന്‍(Karuna Jain) എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പടിയിറക്കം. ഇന്ത്യന്‍ വനിതകള്‍ക്കായി 2005 മുതല്‍ 2014 വരെ 5 ടെസ്റ്റുകളും 44 ഏകദിനങ്ങളും 9 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. 2005ല്‍ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി.
'അവിശ്വസനീയമായ യാത്രയായിരുന്നു ക്രിക്കറ്റ് കരിയറിലേത്. എന്‍റെ ഉയര്‍ച്ചകളിലും വീഴ്‌ചകളിലും ഏവരുടേയും പിന്തുണയില്ലായിരുന്നെങ്കില്‍ അത് സാധ്യമല്ലായിരുന്നു. എന്‍റെ കുടുംബമായിരുന്നു ഏറ്റവും പിന്തുണച്ചത്. ക്രിക്കറ്റ് താരമായ സഹോദരന്‍ ഞാന്‍ മൈതാനത്തിറങ്ങിയപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുത്ത് പകര്‍ന്നു. അവരുടെ ത്യാഗവും പിന്തുണയും കൊണ്ടാണ് ഇത്രയും കാലം കളിക്കാനായത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിക്കുകയാണ്. തുടര്‍ന്നും ക്രിക്കറ്റിന് തന്‍റെ സംഭാവനകള്‍ നല്‍കും. എന്‍റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. എല്ലാ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സഹതാരങ്ങള്‍ക്കും നന്ദി. ബിസിസിഐക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും നന്ദിയറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്' എന്നും കരുണാ ജെയ്‌ന്‍ വിരമിക്കല്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വനിതാ ടീമിന് പുറമെ എയര്‍ ഇന്ത്യ, കര്‍ണാടക, പോണ്ടിച്ചേരി ടീമുകള്‍ക്കായും കരുണാ ജെയ്‌ന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി 1100ലേറെ റണ്‍സ് നേടിയ താരത്തിന്‍റെ പേരില്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറിയും വനിതാ ഏകദിനങ്ങളിലുണ്ട്. കരുണാ ജെയ്‌ന്‍ ബെംഗളൂരു സ്വദേശിയാണ്.
സഞ്ജു മൈതാനത്തുണ്ടാകും, ഒരു നിമിഷം പോലും മത്സരം മിസ്സാവരുത്; രണ്ടാം ഏകദിനം കാണാന്‍ ഈ വഴികള്‍
