Asianet News MalayalamAsianet News Malayalam

പൃഥ്വിയോ പടിക്കലോ ?; ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ യുവതാരങ്ങളുടെ കൂട്ടയിടി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികവു കാട്ടിയ പേസർ ആവേശ് ഖാൻ, ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ പ്രസിദ്ധ് ക‍ൃഷ്ണ എന്നിവർ ടീമിൽ ഇടം നേടിയേക്കുമെന്നാണ് റിപ്പോർട്ട്.

Indias likely 30-man squad for tour of England  and World Test Championship
Author
Mumbai, First Published May 7, 2021, 10:30 AM IST

മുംബൈ: ഇം​ഗ്ലണ്ടിൽ അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടർമാർ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ടീമിലെത്താൻ യുവതാരങ്ങളുടെ കൂട്ടയിടി. ടെസ്റ്റ് ടീമിൽ ഏതാനും ഒഴിവുകൾ മാത്രമെ നികത്തപ്പെടാനുള്ളൂവെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ സംഘത്തെ അയക്കാൻ സെലക്ടർമാർ തയാറായേക്കുമെന്നതാണ് യുവതാരങ്ങളുടെ പ്രതീക്ഷ കൂട്ടുന്നത്.

Indias likely 30-man squad for tour of England  and World Test Championshipഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികവു കാട്ടിയ പേസർ ആവേശ് ഖാൻ, ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ പ്രസിദ്ധ് ക‍ൃഷ്ണ എന്നിവർ ടീമിൽ ഇടം നേടിയേക്കുമെന്നാണ് റിപ്പോർട്ട്. ബാറ്റിം​ഗിൽ ഫോമിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷായെ മൂന്നാം ഓപ്പണറായി ഉൾപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. എന്നാൽ മായങ്ക് അ​ഗർവാളിനെ തഴഞ്ഞ് പൃഥ്വിയെ ഉൾപ്പെടുത്തുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഐപിഎല്ലിലും വിജയ് ഹസാരെയിലും തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഓപ്പണർ സ്ഥാനത്തേക്ക് പരി​ഗണിക്കുമോ എന്നാണ് മലയാളികൾ പ്രധാനമായും ഉറ്റുനോക്കുന്നത്. ഇടം കൈയൻ ബാറ്റ്സ്മാനാണെന്നതും ക്യാപ്റ്റൻ വിരാട് കോലിക്ക് ഏറെ പ്രതീക്ഷയുള്ള യുവതാരമാണെന്നതും പടിക്കലിന് അനുകൂല ഘടകമാണ്.

ഐപിഎല്ലിൽ ഫോമിലായിരുന്നില്ലെങ്കിലും യുവതാരം ശുഭ്മാൻ ​ഗില്ലും രോഹിത് ശർമയും ഓപ്പണർ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ​ഗുജറാത്ത് ബാറ്റ്സ്മാൻ പ്രിയങ്ക് പഞ്ചാൽ, ബം​ഗാൾ യുവതാരം അഭിമന്യു ഈശ്വരൻ എന്നിവരും ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്ന താരങ്ങളാണ്. മധ്യനിരയിൽ വിരാട് കോലി, ചേതേശ്വർ പൂജാര, അജിങ്ക്യാ രഹാനെ, ​ഹനുമാ വിഹാരി എന്നിവർ തുടരും.

ഓൾ റൗണ്ടർമാരിൽ രവീന്ദ്ര ജഡേജ തിരിച്ചെത്തുമ്പോൾ അക്സർ പട്ടേലും വാഷിം​ഗ്ടൺ സുന്ദറും സ്ഥാനം നിലനിർത്തിയേക്കും.ഹർദ്ദിക് പാണ്ഡ്യയും ടെസ്റ്റ് ടീമിൽ തരിച്ചെത്തും. സ്പിൻ വിഭാ​ഗത്തിൽ അശ്വിനും ജഡേജക്കും അക്സറിനും വാഷിം​ഗ്ടണുമൊപ്പം രാഹുൽ ചാഹറിനും അവസരമൊരുങ്ങാനുള്ള സാധ്യതയുണ്ട്.

പേസർമാരായി ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഷർദ്ദുൽ ഠാക്കൂർ‌, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ എന്നിവർ സ്ഥാനം ഉറപ്പാക്കുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് പ്രധാന ടൂർണമെന്റുകൾക്കുമായി ജംബോ സംഘത്തെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. 30 പേരടങ്ങുന്ന ടീമിനെയാവും നാല് മാസം നീണ്ടു നിൽക്കുന്ന പര്യടനത്തിനായി സെലക്ടർമാർ ഇന്ന് പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ട്. ജൂൺ 18 മുതൽ 22 വരെ ഇം​ഗ്ലണ്ടില സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ന്യുൂസിലൻഡാണ് എതിരാളികൾ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഓ​ഗസ്റ്റ് നാലു മുതൽ ആറ് വരെ നോട്ടിം​ഗ്ഹാമിലാണ് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റും 25-29 ലീഡ്സിൽ മൂന്നാം ടെസ്റ്റും സെപ്റ്റംബർ 2 -6 ഓവലിൽ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റും നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios