മുംബൈ ടെസ്റ്റിലെ പ്രകടനത്തോടെ ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമായി അശ്വിന്‍. പാകിസ്ഥാന്‍ (Pakistan) പേസര്‍ 44 വിക്കറ്റുമായി പിറകിലുണ്ട്. 39 വിക്കറ്റ് നേടിയ പാകിസ്ഥാന്റെ തന്നെ ഹസന്‍ അലി മൂന്നാം സ്ഥാനത്തുണ്ട്.

മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇതുവരെ ഏഴ് വിക്കറ്റുകളാണ് അശ്വിന്‍ (R Ashwin) വീഴ്ത്തിയത്. ഇനി അഞ്ച് വിക്കറ്റുകളാണ് ന്യൂസിലന്‍ഡ് (New Zealand) ഇന്നിംഗ്‌സില്‍ അവശേഷിക്കുന്നത്. ഇതില്‍ രണ്ടോ മൂന്നോ വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കിയേക്കാം. ഇതിനിടെയിലൂം ചില നാഴികക്കല്ലുകള്‍ അശ്വിന്‍ സ്വന്തമാക്കി.

മുംബൈ ടെസ്റ്റിലെ പ്രകടനത്തോടെ ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമായി അശ്വിന്‍. പാകിസ്ഥാന്‍ (Pakistan) പേസര്‍ 44 വിക്കറ്റുമായി പിറകിലുണ്ട്. 39 വിക്കറ്റ് നേടിയ പാകിസ്ഥാന്റെ തന്നെ ഹസന്‍ അലി മൂന്നാം സ്ഥാനത്തുണ്ട്. 35 വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ നാലാം സ്ഥാനത്താണ്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായി അശ്വിന്‍. അനില്‍ കുംബ്ലെയെയാണ് അശ്വിന്‍ പിന്തള്ളിയത്. നാല് വര്‍ഷങ്ങളില്‍ അശ്വിന്‍ 50ല്‍ കൂടുതല്‍ വിക്കറ്റ് നേടി. 2015, 2016, 2017, 2021 വര്‍ഷങ്ങളിലായിരുന്നു ഇത്. 

അനില്‍ കുംബ്ലെ 1999, 2004, 2006 വര്‍ഷങ്ങളില്‍ നേട്ടം സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗും മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2001, 2002, 2008 വര്‍ഷങ്ങളിലായിരുന്നു ഇത്. കപില്‍ ദേവ് 1979, 1983 വര്‍ഷങ്ങളിലും നേട്ടത്തിലെത്തി. 

കിവീസ് ഓപ്പണര്‍ ടോം ലാഥമിനെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ ഒരാള്‍കൂടിയായി അശ്വിന്‍. എട്ട് തവണ അശ്വിന്‍ ലാഥമിനെ പുറത്താക്കി. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും എട്ട് തവണ ലാഥമിനെ പുറത്താക്കി. വിന്‍ഡീസ് താരം കെമര്‍ റോച്ച് അഞ്ച് തവണയും പുറത്താക്കി.