കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ മുംബൈയില്‍ ഇന്ത്യ കൂറ്റന്‍ജയം സ്വന്തമാക്കി. ഇതോടെ പരമ്പര  1-0ന് ഇന്ത്യയുടെ അക്കൗണ്ടിലായി. പരമ്പര നേടിയ സന്തോഷം ദ്രാവിഡ് മറച്ചുവച്ചതുമില്ല. 

മുംബൈ: രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഴുവന്‍സമയ പരിശീലകനായശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ന്യൂസിലന്‍ഡിനെതിരെ നടന്നത്. കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ മുംബൈയില്‍ ഇന്ത്യ കൂറ്റന്‍ജയം സ്വന്തമാക്കി. ഇതോടെ പരമ്പര 1-0ന് ഇന്ത്യയുടെ അക്കൗണ്ടിലായി. പരമ്പര നേടിയ സന്തോഷം ദ്രാവിഡ് മറച്ചുവച്ചതുമില്ല.

മത്സരശേഷം ദ്രാവിഡ് പരമ്പരനേട്ടത്തെ കുറിച്ച് സംസാരിച്ചു... ''ജയത്തോടെ പരമ്പര അവസാനിപ്പിക്കാനായത് സന്തോഷം. കാണ്‍പൂരില്‍ ജയത്തിനടുത്ത് വരെയെത്തി. എന്നാല്‍ അവസാന വിക്കറ്റ് വീഴ്ത്താനായില്ല. എല്ലാ ക്രഡിറ്റും ടീമിനുള്ളതാണ്. കാണ്‍പൂരില്‍ ജയിക്കാന്‍ കഴിയാതെ പോയത് നേരിയ നിരാശ നല്‍കുന്നു. ജൂനിയര്‍ താരങ്ങള്‍ക്ക അവസരത്തിനൊത്ത് ഉയരാനായി. എന്നാല്‍ ചില സീനിയര്‍ താരങ്ങളെ മിസ് ചെയ്യുന്നു.

ജയന്ത യാദവ് പന്തെറിയാന്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ നാലാംദിവസം അവന്‍ നന്നായി പന്തെറിഞ്ഞു. ഒരുപാട് പേര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ഭാഗ്യമുണ്ടാവില്ല. എന്നാല്‍ അവസരം ലഭിക്കുന്നവര്‍ നന്നായിട്ട് കളിക്കുമ്പോള്‍ സന്തോഷം. ജയന്തിനൊരു ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പേരുകളും എടുത്തുപറയേണ്ടതാണ്. 

ടീമിലെ എല്ലാവരും കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നു. അതും വിവിധ ഫോര്‍മാറ്റുകളില്‍. താരങ്ങള്‍ക്ക് വര്‍ക്ക്‌ലോഡ് ഇല്ലാതെ നോക്കണം. കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വരുന്നത് ഗുണം വരുന്ന താരങ്ങള്‍ക്ക് ഗുണം ചെയ്യും.'' ദ്രാവിഡ് പറഞ്ഞു.

മുംബൈ ടെസ്റ്റില്‍ ഇന്ത്യയോട് 372 റണ്‍സിന് തോറ്റതോടെ നാണക്കേടിന്റെ പടുകുഴിയില്‍ ന്യൂസിലന്‍ഡ്. ടെസ്റ്റ് ചരിത്രത്തില്‍ കിവികളുടെ റണ്‍ കണക്കിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈയില്‍ വഴങ്ങിയത്.