Asianet News MalayalamAsianet News Malayalam

INDvNZ : മുംബൈ ടെസ്റ്റില്‍ ലഞ്ച് നേരത്തെ, ടോസ് വൈകും; പുതുക്കിയ സമയക്രമം അറിയാം

11.30ന് ടോസിടുമെന്നും 12 മണിക്ക് മത്സരം ആരംഭിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. രണ്ട് സെഷനില്‍ മാത്രമായിരിക്കും ഇന്ന് കളിക്കാന്‍ സാധിക്കുക. ഏകദേശം 65 ഓവറുകള്‍. ലഞ്ചിന് ശേഷമാണ് മത്സരം ആരംഭിക്കുക. 
 

INDvNZ Toss delayed due to wet outfield in Mumbai
Author
Mumbai, First Published Dec 3, 2021, 11:03 AM IST

മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് (INDvNZ) രണ്ടാം ടെസ്റ്റില്‍ ടോസ് വൈകും. മുംബൈയില്‍ (Mumbai) കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതാണ് ടോസ് വൈകാന്‍ കാരണം. 11.30ന് ടോസിടുമെന്നും 12 മണിക്ക് മത്സരം ആരംഭിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. രണ്ട് സെഷനില്‍ മാത്രമായിരിക്കും ഇന്ന് കളിക്കാന്‍ സാധിക്കുക. ഏകദേശം 65 ഓവറുകള്‍. ലഞ്ചിന് ശേഷമാണ് മത്സരം ആരംഭിക്കുക. 

അതേസമയം ഇരു ടീമുകളേയും പരിക്ക് വലയ്ക്കുന്നുണ്ട്. ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja), പേസര്‍ ഇശാന്ത് ശര്‍മ (Ishant Sharma) എന്നിവര്‍ക്ക് മത്സരം നഷ്ടമാവും. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കിവീസ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും കളിക്കില്ല. ടോം ലാഥമാണ് ടീമിനെ നയിക്കുക. ബ്ലാക്ക്ക്യാപ്‌സും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. പരിക്കാണ് നാല് താരങ്ങല്‍ക്കും തടസമായത്.

കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേല്‍ക്കുന്നത്. രഹാനെ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി. താരത്തിന്റെ വിടവ് ക്യാപ്റ്റന്‍ വിരാട് കോലി നികത്തും. മോശം ഫോമിലുള്ള രഹാനെയെ മുംബൈ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയില്‍ ഓള്‍റൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. പിന്നാലെ വിശ്രമം നല്‍കുകയായിരുന്നു. ജയന്ത് യാദവ് പകരക്കാരനായേക്കും. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. മുഹമ്മദ് സിറാജ് പകരക്കാനായേക്കും. 

ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണില്‍ താരത്തെ ഈ പരിക്ക് വലച്ചിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ ആയിരുന്നു. ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Follow Us:
Download App:
  • android
  • ios