ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചിരുന്നത്. ഇതോടെ ചേതന്‍ ശര്‍മ (Chetan Sharma)യുടെ നേതൃത്വിത്തിലുള്ള സെലക്ഷന്‍ ടീം രാഹുല്‍ ചാഹറിനെ (Rahul Chahar) ടീമില്‍ ഉള്‍പ്പെടുത്തി.

ജയ്പൂര്‍: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ പ്രമുഖരില്‍ ഒരാള്‍ യൂസ്‌വേന്ദ്ര ചാഹലായിരുന്നു (Yuzvendra Chahal). ഇന്ത്യയില്‍ നടന്ന ആദ്യപാദ ഐപിഎല്‍ (IPL) മത്സരങ്ങളിലെ മോശം പ്രകടനമാണ് ചാഹലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചിരുന്നത്. ഇതോടെ ചേതന്‍ ശര്‍മ (Chetan Sharma)യുടെ നേതൃത്വിത്തിലുള്ള സെലക്ഷന്‍ ടീം രാഹുല്‍ ചാഹറിനെ (Rahul Chahar) ടീമില്‍ ഉള്‍പ്പെടുത്തി. അന്ന് മികച്ച ഫോമിലായിരുന്നു ചാഹര്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റാണ് താരം വീഴ്ത്തിയത്. 

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ചാഹലിന് ടീമില്‍ സ്ഥാനമില്ലാതാവുന്നത്. അതും ലോകകപ്പ് പോലുള്ള ഒരു വേദിയില്‍. ഇപ്പോള്‍ ടലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് ആദ്യമായി സംസാരിക്കുയാണ് ചാഹല്‍. രണ്ടോ മൂന്നോ ദിവസം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ചാഹല്‍ പറഞ്ഞു.

ചാഹലിന്റെ വാക്കുകള്‍... ''കഴിഞ്ഞ നാല് വര്‍ഷവും ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് പോലെ വലിയ വേദിയില്‍ കളിക്കാനുള്ള അവസരം എനിക്ക് നഷ്ടായി. രണ്ടോ മൂന്നോ ദിവസം കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. രണ്ടാംഘട്ട ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായിരുന്നത്. ഞാന്‍ എന്റെ പരിശീലകരോട് ഏറെനേരം സംസാരിച്ചു. അതിന്റെ ഫലം രണ്ടാംപാദ ഐപിഎല്ലില്‍ കാണുകയും ചെയ്തു.'' ചാഹല്‍ വ്യക്തമാക്കി. 

ശേഷിക്കുന്ന എട്ട് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയിരുന്നത്. മറുവശത്ത് ചാഹിന് രണ്ട് വിക്കറ്റാണ് നേടാന്‍ സാധിച്ചത്. ഒക്ടോബര്‍ 15വരെ സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം ടീമുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ചാഹലിന് ടീമിലേക്കുള്ള വിളി വന്നില്ല.

മനസികമായി തകര്‍ന്ന എനിക്ക് പ്രചോദനായത് ഭാര്യയുടേയും കുടുംബത്തിന്റേയും വാക്കുകളാണെന്നും ചാഹല്‍ വ്യക്തമാക്കി. ''എന്റെ കുടുംബവും ഭാര്യയും എനിക്കൊപ്പമുണ്ടായിരുന്നു. ആരാധകര്‍ പ്രചോദനം നല്‍കികൊണ്ടേയിരുന്നു. എനിക്ക് തിരിച്ചുവരാനായത് അതിലൂടെയാണ്.'' താരം പറഞ്ഞുനിര്‍ത്തി. 

ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ചാഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ജയ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്.