എന്നാല്‍ പരിക്ക് ഭേദമാവാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്ന് ഉറപ്പായത്.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പന്തുകൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്ന ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവും. പരിക്ക് മാറി ജഡേജ മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കുമെന്നായിരുന്നു ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.

എന്നാല്‍ പരിക്ക് ഭേദമാവാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്ന് ഉറപ്പായത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ജഡേജക്ക് കളിക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല.

ജഡേജക്ക് പകരം ചെന്നൈ ടെസ്റ്റില്‍ ടീമിലെടുത്ത അക്സര്‍ പട്ടേലിനും ടെസ്റ്റിന് തൊട്ടുമുമ്പ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഷഹബാദ് നദീമാണ് ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ചത്. നദീമിന് കാര്യമായി തിളങ്ങാനാവാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തു. രണ്ടാം ടെസ്റ്റിന് മുമ്പ് അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്.

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ജഡേജ ബ്രിസ്ബേനില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റിലും കളിച്ചിരുന്നില്ല.