ചാമ്പ്യൻസ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു വുഡിന് പരിക്കേറ്റത്
ലണ്ടന്‍: ജൂണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പരിക്ക്. ചാമ്പ്യൻസ് ട്രോഫിക്കിടെ ഇടതുകാലിലെ ലിഗ്മെന്‍റിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിന് നാലു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ജൂണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പര 35കാരനായ വുഡിന് നഷ്ടമാവും.
ചാമ്പ്യൻസ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു വുഡിന് പരിക്കേറ്റത്. തുടര്‍ന്ന് സ്കാനിംഗിന് വിധേയനാക്കിയ വുഡിന്‍റെ ലിഗ്മെന്‍റിലെ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് നാലു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. 2019ലും ഇതേ കാല്‍മുട്ടില്‍ വുഡിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ജൂലൈ അവസാനത്തോടെയ മാത്രമെ വുഡിന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകു. ഇതോടെ ജൂണ്‍ മൂന്നാം വാരം തുടങ്ങുന്ന ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര വുഡിന് പൂര്‍ണമായും നഷ്ടമാകും. ജൂലൈ 31ന് ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം തുടങ്ങുന്നത്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ച് മത്സര ആഷസ് പരമ്പരയില്‍ മാര്‍ക്ക് വുഡ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂണ്‍ 20ന് ഹെഡിങ്‌ലിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജൂലൈ രണ്ട് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ജൂലൈ 10 മുതല്‍ ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും ജൂലൈ 23 മുതല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മൂന്നാം ടെസ്റ്റും തുടങ്ങും. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
