ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഉറ്റുനോക്കുന്നുണ്ട് ആരാധകര്‍

മുംബൈ: ഐപിഎല്ലില്‍ വീണ്ടും വിസ്‌മയമാകുമോ പേസര്‍ ജസ്‌പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ പറയുന്നത് ബുംറയെ എതിരാളികള്‍ ഭയക്കണം എന്നാണ്. ബുംറ ലോകോത്തര ബൗളറാണെന്നും ടീമിന് മുതല്‍ക്കൂട്ടാണെന്നും സഹീര്‍ പറഞ്ഞതായി മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തു. ഐപിഎല്‍ 12-ാം എഡിഷനില്‍ മുംബൈയുടെ പേസ് കുന്തമുനയാണ് ജസ്‌പ്രീത് ബുംറ. മിന്നും ഫോമിലാണ് എന്നത് ബുംറയെ കൂടുതല്‍ അപകടകാരിയാക്കുന്നു.

Scroll to load tweet…

മുംബൈ ഇന്ത്യന്‍സിനായി 61 മത്സരങ്ങള്‍ കളിച്ച ബുംറ 63 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. 2015ലും 2017ലും മുംബൈയെ കിരീടത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ഈ പേസര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 ടെസ്റ്റില്‍ 49 വിക്കറ്റും 49 ഏകദിനങ്ങളില്‍ 85 വിക്കറ്റും 42 ടി20യില്‍ 51 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിന റാങ്കിംഗില്‍ ബൗളര്‍മാരില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുണ്ട് ബുംറ. 

ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങള്‍ നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2013, 2015, 2017 വര്‍ഷങ്ങളിലായിരുന്നു കിരീടധാരണം. 12-ാം എഡിഷനില്‍ മാര്‍ച്ച് 24ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.