'കളിയുടെ സാഹചര്യങ്ങളും ആളുകളുടെ മനസും അതിവേഗം ധോണിക്ക് വായിക്കാനാകും. മറ്റുള്ളവരേക്കാള്‍ ഒരു ചുവട് മുന്നില്‍ സഞ്ചരിക്കുന്നതാണ് അദേഹത്തിന്‍റെ ചിന്തകള്‍'. 

ചെന്നൈ: ക്രിക്കറ്റ് മൈതാനത്തെ കൂര്‍മ്മശാലിയായ നായകനും താരവുമാണ് എം എസ് ധോണി. അതിനാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിക്ക് കീഴില്‍ കഴിഞ്ഞ സീസണ്‍ കളിച്ച ഷാര്‍ദുല്‍ ഠാക്കുറിന്‍റെ ഈ വാക്കുകള്‍ ആരാധകരില്‍ കാര്യമായ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കില്ല. 

'കളിയുടെ സാഹചര്യങ്ങളും ആളുകളുടെ മനസും അതിവേഗം ധോണിക്ക് വായിക്കാനാകും. മറ്റുള്ളവരേക്കാള്‍ ഒരു ചുവട് മുന്നില്‍ സഞ്ചരിക്കുന്നതാണ് അദേഹത്തിന്‍റെ ചിന്തകള്‍. വിക്കറ്റ് കീപ്പറായതിനാല്‍ പിച്ചും സാഹചര്യങ്ങളും മനസിലാക്കാനും സഹ താരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ധോണിക്ക് സാധിക്കുന്നതായും' ഠാക്കൂര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പദ്ധതികളെ കുറിച്ചും ഷാര്‍ദുല്‍ ഠാക്കൂര്‍ മനസുതുറന്നു. 'കാര്യങ്ങള്‍ വളരെ സിംപിളായി കാണുകയാണ് തങ്ങള്‍ ചെയ്യുന്നത്. തീരുമാനങ്ങള്‍ എന്താണോ അത് നടപ്പിലാക്കുക മാത്രമാണ് ചെയ്യാറ്. പ്ലാനിനനുസരിച്ച് പന്തെറിയുന്നു. ബൗളര്‍മാരെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കരുത്തുകള്‍ തങ്ങള്‍ക്കുണ്ട്. അതിനാല്‍ വ്യക്തിപരമായ കഴിവുകളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും' പേസര്‍ പറഞ്ഞു.