മുംബൈ:ഐപിഎല്ലിലെ നോ ബോള്‍ വിവാദങ്ങള്‍ക്ക് അറുതിവരുത്താന്‍ നടപടിയുമായി ഐപിഎല്‍ ഭരണസമിതി. അടുത്ത സീസണ്‍ ഐപിഎല്‍ മുതല്‍ നോ ബോളുകള്‍ നിരീക്ഷിക്കാനായി മാത്രം ഒരു അമ്പയറെ നിയോഗിക്കാനാണ് ഭരണസമിതി തീരുമാനം. മൂന്നാം അമ്പയര്‍ക്ക് പുറമെ ആയിരിക്കും ഇത്.  

നോ ബോളുകള്‍ നീരീക്ഷിക്കാനുള്ള അമ്പയര്‍ ഫീല്‍ഡ് അമ്പയറുമായി ആശയവിനിമയം നടത്തി നോ ബോളുകള്‍ അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുത്തും. പരിഷ്കാരം നടപ്പാക്കും മുമ്പ് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇത് പരീക്ഷിക്കും. രഞ്ജി ട്രോഫി അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ ഇത് പരീക്ഷിക്കാവുന്നതാണെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ മുംബൈ താരം മലിംഗയെറിഞ്ഞ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ അമ്പയര്‍ കാണാതെ പോയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Also Read: മലിംഗയുടെ നോ ബോള്‍ അംപയര്‍ കണ്ടില്ല; ഐപിഎല്ലില്‍ പുതിയ വിവാദം
പവര്‍ പ്ലേയര്‍ എന്ന ആശയം തല്‍ക്കാലം അടുത്ത ഐപിഎല്ലില്‍ നടപ്പാക്കേണ്ടന്നും ഭരണസമിതി തീരുമാനിച്ചു. സമയപരിമിതിയാണ് പ്രധാന തടസം. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പരിഷ്കാരം നടപ്പിലാക്കിയാല്‍ മതിയെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍.

അടുത്ത ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ടീമുകള്‍ക്ക് വിദേശത്ത് സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഒരുക്കാനും ഭരണസമിതിയോഗം തീരുമാനിച്ചു. ഇത്തവണത്തെ ഐപിഎല്‍ ലേലം പതിവില്‍ നിന്ന് വ്യത്യസ്തമായി ബംഗലൂരുവില്‍ നിന്ന് മാറി കൊല്‍ക്കത്തയിലായിരിക്കും നടക്കുക. ഡിസംബര്‍ 19നാണ് താരലേലം.

Also Read: പവര്‍ പ്ലേയര്‍ വരുന്നു; ഐപിഎല്ലില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ