കൊല്‍ക്കത്ത: ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊൽക്കത്തയിൽ. ലേലപ്പട്ടികയിലുള്ള 338 കളിക്കാരില്‍ നിന്ന് പരമാവധി 73 പേരെ എട്ട് ടീമുകള്‍ക്ക് സ്വന്തമാക്കാം. 332 പേരുടെ പേരുകളാണ് നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ ആറ് പേരെ കൂടി രാത്രി വൈകി ലേലപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

വിദേശ പേസര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്‌മാന്‍മാര്‍ എന്നിവര്‍ക്കായി കടുത്ത മത്സരം നടക്കും. ബാംഗ്ലൂരിന് 12 ഉം, കൊൽക്കത്ത, ഡൽഹി, രാജസ്ഥാന്‍ ടീമുകള്‍ക്ക് 11 ഉം കളിക്കാരെ വീതം ടീമിലെടുക്കാന്‍ അവസരമുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ താരലേലത്തില്‍ സജീവമാകും. 

ഗ്ലെന്‍ മാക്‌സ‌്‌വെല്‍, ഡെയ്‌ൽ സ്റ്റെയ്‌ന്‍, ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ് തുടങ്ങി എട്ട് പേരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി നിശ്ചയിച്ചത്. ഇവരില്‍ ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഹേസല്‍വുഡ്, എയ്‌ഞ്ചലോ മാത്യൂസ് എന്നിവര്‍ക്കായി വാശിയേറിയ പോരാട്ടം നടക്കും. ലിന്‍, കമ്മിന്‍സ്, മാക്‌സ്‌വെല്‍ എന്നിവരിലൊരാള്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കാനിടയുണ്ട്. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍, യുവ പേസര്‍ സാം കറന്‍ എന്നിവരും ശ്രദ്ധേയമാകും. 

പ്രതീക്ഷയോടെ അഞ്ച് കേരള താരങ്ങള്‍

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മിധുന്‍ എസ് എന്നീ അഞ്ച് കേരള താരങ്ങളും ലേലപ്പട്ടികയിൽ ഉണ്ട്. റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, ജലജ് സക്‌സേന എന്നിവരുടെ സാധ്യതകള്‍ ശക്തമാണ്. സച്ചിന്‍ ബേബിയുടെ പേരും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. മിഥുന്‍ എസ് കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച താരമാണ്. സഞ്ജു സാംസൺ അടക്കം ഏഴ് മലയാളി താരങ്ങളെ വിവിധ ടീമുകള്‍ നേരത്തേ നിലനിര്‍ത്തിയിരുന്നു.