ഇത്തവണ താരലേലത്തില്‍ കരുത്തുറ്റ ടീമിനെ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയില്ല എന്നാണ് ഗംഭീറിന്‍റെ വിമര്‍ശനം. 

ദില്ലി: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഇത്തവണ താരലേലത്തില്‍ കരുത്തുറ്റ ടീമിനെ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയില്ല എന്നാണ് ഗംഭീറിന്‍റെ വിമര്‍ശനം. 

പുതിയ പന്തില്‍ മികച്ച പേസിലും സ്വിങിലും എറിയും എന്നതിനാല്‍ വിക്കറ്റ് ലഭിക്കും എന്നതാണ് പാറ്റ് കമ്മിന്‍സിന്‍റെ അനുകൂല ഘടകം. ഡെത്ത് ഓവറുകള്‍ ചെറിയ പ്രശ്നമായിരിക്കാം, എന്നാല്‍ കഴിവുള്ള ബൗളറാണ്. 2014ല്‍ കൊല്‍ക്കത്തയില്‍ കളിച്ചതിന് ശേഷം കമ്മിന്‍സിന്‍റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വലിയ തുകയ്‌ക്കാണ് കമ്മിന്‍സിനെ ടീമിലെടുത്തിരിക്കുന്നത്. സ്റ്റോയിനിസ് എല്ലാ മത്സരങ്ങളും കളിക്കുമെന്നും മൂന്നുനാലു മത്സരങ്ങള്‍ ഒറ്റയ്‌ക്ക് ജയിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും ഗംഭീര്‍ പറഞ്ഞു. 

എന്നാല്‍ രണ്ട് താരങ്ങളെ ടീമിലെത്തിക്കാമായിരുന്നു എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ആന്ദ്രേ റസല്‍, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ക്ക് പകരക്കാരില്ല. ടീമിന് കെട്ടുറപ്പ് നല്‍കുന്നതിനായി ഓസീസ് ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിനെയോ മാര്‍ക്കസ് സ്റ്റോയിനിസിനെയോ കൊല്‍ക്കത്ത ടീമിലെത്തിക്കണമായിരുന്നു. പാറ്റ് കമ്മിന്‍സിന് പരിക്കേറ്റാല്‍ ലോക്കി ഫെര്‍ഗുസനുണ്ട്. എന്നാല്‍ ടോപ് ഓഡര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനെ വെക്കാനാളില്ല എന്നും ഗംഭീര്‍ വ്യക്തമാക്കി. 

താരലേലത്തില്‍ 15.5 കോടി രൂപയ്‌ക്കാണ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്‍റെ അടിസ്ഥാന വില. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍ ഓയിന്‍ മോര്‍ഗനെ 5.25 കോടിക്കും കൊല്‍ക്കത്ത പാളയത്തിലെത്തിച്ചു.