കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷെമ്രോണ്‍ ഹെറ്റ്മെയറിന് ഐപിഎല്‍ താരലേലത്തിലും പൊന്നുംവില. കൊല്‍ക്കത്തയും രാജസ്ഥാനും ചേര്‍ന്നാണ് ഹെറ്റ്മെയറെ സ്വന്തമാക്കാന്‍ വാശിയോടെ ലേലം വിളിച്ചത്. എന്നാല്‍ 1.40 കോടിയിലെത്തിയതോടെ കൊല്‍ക്കത്ത പിന്‍മാറി.പിന്നീട് ഡല്‍ഹിയും രാജസ്ഥാനും തമ്മിലായി ലേലം.

ഒടുവില്‍ 7.75 കോടി രൂപയ്ക്ക് ഹെറ്റ്മെയറെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ ഹെറ്റ്മെയര്‍ വിന്‍ഡീസിന്റെ വിജയശില്‍പിയായിരുന്നു. അതേസമയം, വിന്‍ഡീസിന്റെ എവിന്‍ ലൂയിസിന് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.

ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ അടിസ്ഥാന വിലയായ 75 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മാര്‍ക്കസ് സറ്റോയിനസിനും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലിനും മനോജ് തിവാരിക്കും കോളിന്‍ ഇന്‍ഗ്രാമിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.