കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ടോം ബാന്റണെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു കോടി രൂപയ്ക്കാണ് ബാന്റണെ കൊല്‍ക്കത്ത ടീമിലെടുത്തത്. ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ചാണ് ബാന്റണ്‍ താരമായത്. ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാനെ മൂന്ന് കോടി രൂപക്ക് കിംഗ്സ് ഇലവന്‍ പ‍‌ഞ്ചാബ് സ്വന്തമാക്കി.

ഓസ്ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണെ നാലു കോടിക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമായ പ്രവിണ്‍ ടാംബെയെ കൊല്‍ക്കത്ത 20 ലക്ഷം രൂപ നല്‍കി സ്വന്തമാക്കി. 48കാരനായ ടാംബെ ഈ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടി കളിക്കാരനാണ്. അതേസമയം, അഫ്ഗാന്റെ 14കാരന്‍ നൂര്‍ അഹമ്മദിനെ ആരും സ്വന്തമാക്കിയില്ല.

ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍, ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കറ്റ്, ഓസീസിന്റെ സീ ആബട്ട്, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്‍റി, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ശ്രീലങ്കയുടെ ഇസുരു ഉദാന എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനറെ ഫാബിയന്‍ അലനെ 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി.