മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത് ശര്‍മ്മയാണ് പുറത്തുപോകുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖന്‍, വലിയ പ്രതീക്ഷയുമായി ക്ലബിലെത്തിച്ച ഡേവിഡ് വില്ലിയും സാം ബില്ലിങ്‌സും തഴയപ്പെട്ടു. ദ്രുവ് ഷോരെ, ചൈതന്യ ബിഷ്‌നോയ് എന്നീ ആഭ്യന്തര താരങ്ങളെയും ചെന്നൈ കൈവിട്ടു. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ 14.60 കോടിയാണ് ചെന്നൈക്ക് ഇനി അക്കൗണ്ടില്‍ ബാക്കിയുള്ളത്. 

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ യുവ്‌രാജ് സിംഗ് ഉള്‍പ്പടെ 10 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് പാളയത്തില്‍ നിന്ന് ഒഴിവാക്കിയത്. ഫോമിലുള്ള വിന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസിനെയും മുംബൈ തഴഞ്ഞു. കഴിഞ്ഞ സീസണില്‍ 3.8 കോടി രൂപയ്‌ക്കാണ് ലെവിസിനെ മുംബൈ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനെയും മുംബൈ ഒഴിവാക്കി. 3.4 ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ആറ് പേരെ പുറത്താക്കിയാണ് അന്ന് അല്‍സാരി റെക്കോര്‍ഡിട്ടത്. 

ആദം മില്‍നെ, ജാസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, ബ്യൂരന്‍ ഹെന്‍‌റിക്‌സ്, ബെന്‍ കട്ടിങ്, ബരീന്ദര്‍ സ്രാന്‍, റാസിഖ് സലാം, പങ്കജ് ജസ്‌വാല്‍ എന്നിവരെയും മുംബൈ ഇന്ത്യന്‍ നിലനിര്‍ത്തിയില്ല. പുതിയ സീസണില്‍ താരങ്ങളെ വാങ്ങാന്‍ 13.05 കോടി രൂപ മുംബൈ ഇന്ത്യന്‍സിന് ചിലവഴിക്കാം.