മുംബൈ: ഏപ്രില്‍ 15നുശേഷം ഐപിഎല്‍ നടത്തിയാലും പൂര്‍ണ തോതിലുള്ള ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഏപ്രില്‍ 15നുശേഷം ഐപിഎല്‍ നടത്തുകയാണെങ്കില്‍ മത്സരങ്ങള്‍ എന്തായാലും വെട്ടിച്ചുരുക്കേണ്ടിവരും. എന്നാല്‍ എത്ര മത്സരങ്ങള്‍, ഏതൊക്കെ രീതിയില്‍ കുറക്കേണ്ടി വരുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ഗാംഗുലി പറഞ്ഞു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക. ഓരോ ആഴ്ചയും സാഹചര്യങ്ങള്‍ വിലയിരുത്തും. ഐപിഎല്‍ നടത്തണമെന്ന് തന്നെയാണ് ബിസിസിഐയും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാറ്റിനുമപരി ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഗാംഗുലി പറഞ്ഞു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അടക്കമുള്ള ടൂര്‍ണമെന്റുകള്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. ഐപിഎല്‍ ഏപ്രില്‍ 15വരെ റദ്ദാക്കിയപ്പോള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പൂര്‍ണമായും ഉപേക്ഷിച്ചു. ഇതിന് പുറമെ ആഭ്യന്തര ടൂര്‍ണമെന്റുകളും മത്സരങ്ങളും ബിസിസിഐ നിര്‍ത്തിവെച്ചിരുന്നു.