മൊഹാലി: ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ വസീം ജാഫറിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് ഐപിഎല്‍ ക്ലബ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ജാഫര്‍ കളിച്ചിട്ടുണ്ട്. ജാഫറിനെ നിയമിച്ചതായി കിംഗ് ഇലവന്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കിംഗ്‌സ് ഇലവനിലേക്ക് ക്ഷണിച്ചതിന് പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്ക് ജാഫര്‍ നന്ദി പറഞ്ഞു. 'അനില്‍ കുംബ്ലെയോട് ഞാന്‍ നന്ദി പറയുന്നു. എന്ന സമീപിച്ചവരില്‍ ഒരാള്‍ കുംബ്ലെയാണ്. ഇന്ത്യന്‍ ടീമില്‍ അദേഹത്തിന് കീഴില്‍ കളിക്കാനായത് അംഗീകാരമാണ്. കുംബ്ലെയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. ഐപിഎല്‍ അവസരം മികച്ചതായിരിക്കുമെന്നും' വസീം ജാഫര്‍ പറഞ്ഞു. 

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കളിച്ചുകൊണ്ടിരിക്കുകയാണ് വിദര്‍ഭ താരമായ വസീം ജാഫര്‍. നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാദമി പരിശീലകന്‍ കൂടിയാണ് ജാഫര്‍. എന്നാല്‍ ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ബാറ്റ്‌സ്‌മാനായി ജാഫറിനുള്ള്. 2008ല്‍ ഐപിഎല്‍ ഉദ്ഘാടന സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആറ് മത്സരങ്ങള്‍ കളിച്ചെങ്കിലും 115 റണ്‍സ് മാത്രമാണ് നേടാനായത്. 

നാല്‍പ്പത്തിയൊന്നുകാരനായ വസീം ജാഫര്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്. രഞ്ജി ട്രോഫിയില്‍ 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടത്തിലെത്തിയിരുന്നു അടുത്തിടെ ജാഫര്‍. ടൂര്‍ണമെന്‍റില്‍ 12,000 റണ്‍സ് നേടുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് ജാഫര്‍.