ചെന്നൈ: ഏകദിന ലോകകപ്പ് സെമിയില്‍ ടീം ഇന്ത്യ പുറത്തായ ശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല എം എസ് ധോണി. ദേശീയ കുപ്പായത്തില്‍ ധോണിയുടെ തിരിച്ചുവരവ് എന്നെന്ന് വ്യക്തമല്ലെങ്കിലും ഐപിഎല്ലില്‍ 'തല' കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ധോണി എപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒപ്പം ചേരുമെന്ന കാര്യത്തില്‍ കൃത്യമായ സൂചനകള്‍ പുറത്തുവന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. 

'ധോണി മാര്‍ച്ച് ഒന്നിന് ചെന്നൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ മുന്‍പ് കുറച്ച് ആഴ്‌ചകള്‍ ധോണി പരിശീലനം നടത്തും. പിന്നീട് നാലഞ്ചു ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങുകയും സീസണ്‍ ആരംഭിക്കുന്നത് തൊട്ടുമുന്‍പ് തിരിച്ചെത്തും' എന്നും ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ധോണിക്കൊപ്പം രണ്ട് സൂപ്പര്‍ താരങ്ങളും

ധോണിക്കൊപ്പം സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും മാര്‍ച്ച് ആദ്യവാരം പരിശീലനത്തിനെത്തും. 'റെയ്‌നയും റായുഡുവും മൂന്ന് ആഴ്‌ചയായി ഇവിടെ പരിശീലനം നടത്തുന്നുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന ഇരുവരും മാര്‍ച്ച് രണ്ടിന് വീണ്ടും പരിശീലനം തുടങ്ങും. ലഭ്യമാകുന്ന മറ്റ് താരങ്ങളും ആ സമയം പരിശീലനത്തിനിറങ്ങും. മാര്‍ച്ച് 10നാണ് ക്യാമ്പ് ഔദ്യോഗികമായി ആരംഭിക്കുക' എന്നും സിഎസ്‌കെ ഉന്നതന്‍ കൂട്ടിച്ചേര്‍ത്തു. 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാകും ധോണിയുടെയും സഹതാരങ്ങളുടെയും പരിശീലനം. തലയുടെയും സംഘത്തിന്‍റെയും പരിശീലനം കാണാന്‍ പതിനായിരത്തോളം ആരാധകര്‍ സ്റ്റേഡിയത്തിലെത്തുന്നത് പതിവാണ്. മുപ്പത്തിയെട്ടുകാരനായ ധോണിയുടെ കരിയറിലെ അവസാനകാലഘട്ടമായതിനാല്‍ ഇത്തവണയും ആരാധകരുടെ കുത്തൊഴുക്ക് ചെപ്പോക്കിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.