മുംബൈ: ബാറ്റ്സ്മാന്‍മാര്‍ സിക്സടിക്കും, ഇതിഹാസങ്ങള്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സര്‍ പറത്തും, എന്നാല്‍ ഹിറ്റ്മാനോ സ്റ്റേഡിയത്തിന് പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് സിക്സര്‍ പറത്തും. മുംബൈ ഇന്ത്യന്‍സ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം.

അബുദാബിയിലെ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറത്തിയ സിക്സ് ചെന്ന് വീണത് സ്റ്റേഡിയത്തിന് പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലായിരുന്നു. സ്പിന്നര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്താണ് രോഹിത് 95 മീറ്റര്‍ ദൂരം പിന്നിട്ട പടുകൂറ്റന്‍ സിക്സര്‍ പറത്തിയത്. രോഹിത് ബസിന്റെ ചില്ല് തകര്‍ത്തോ എന്ന് വീഡിയോയില്‍ പലരും ചോദിക്കുന്നതും കേള്‍ക്കാം.

ഈ മാസം 19ന് തുടങ്ങുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. മുംബൈ താരങ്ങള്‍ അബുദാബിയിലെ കടല്‍ത്തീരത്ത് കുടുംബസമേതം വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും മുംബൈ ഇന്ത്യന്‍സ് ഇന്നലെ പുറത്തുവിട്ടിരുന്നു.