ആഗ്ര: മഹാമാരിയായ കൊവിഡ് 19നെ തുടർന്ന് ഇന്ത്യന്‍ പ്രീമിയർ ലീഗ് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. മാർച്ച് 29ന് തുടങ്ങേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിയത്. ഐപിഎല്‍ നീട്ടിവച്ചത് ടീമുകള്‍ക്കും താരങ്ങള്‍ക്കും വലിയ പ്രഹരം നല്‍കിയെങ്കില്‍ അല്‍പം ആശ്വാസമുള്ള ഒരു താരവുമുണ്ട്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്ന പേസർ ദീപക് ചാഹറാണ് ഈ താരം. കൊവിഡിനെ തുടർന്ന് അക്കാദമി പൂട്ടിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരം ആഗ്രയിലെ സ്വന്തം അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഐപിഎല്‍ നീട്ടിയതോടെ പരിക്കില്‍ നിന്ന് പൂർണമായും ഭേദമാകാനുള്ള സമയം ലഭിച്ചു എന്നു പറയുന്നു താരം. 

'വ്യക്തിപരമായി ചിന്തിച്ചാല്‍ പരിക്ക് മാറി പിച്ചില്‍ തിരിച്ചെത്താന്‍ കൂടുതല്‍ സമയം ലഭിച്ചു. ഐപിഎല്‍ കൃത്യസമയത്ത് തുടങ്ങിയിരുന്നെങ്കില്‍ എനിക്ക് ചില മത്സരങ്ങളെങ്കിലു നഷ്‍ടപ്പെടുമായിരുന്നു' എന്നും ദീപക് ചാഹർ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗിസിന്‍റെ താരമാണ് ദീപക് ചാഹർ.

ഐപിഎല്‍ പതിമൂന്നാം സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്ന് നിലവിലെ സങ്കീർണ സാഹചര്യത്തില്‍ വ്യക്തമല്ല. ഐപിഎല്‍ ഭാവി ചർച്ച ചെയ്യാന്‍ ചൊവ്വാഴ്‍ച കോണ്‍ഫറന്‍സ് കോളിലൂടെ ബിസിസിഐയും ഫ്രാഞ്ചൈസികളും നിർണായക യോഗം ചേരും. ഐപിഎല്‍ മാറ്റിയതിന് പിന്നാലെ സിഎസ്‍കെ അടക്കമുള്ള ടീമുകള്‍ പരിശീലന ക്യാമ്പ് അവസാനിപ്പിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക