Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ മടങ്ങിയെത്താന്‍ ശ്രീശാന്ത്; താരലേലത്തില്‍ പങ്കെടുക്കും

വിലക്കിന് ശേഷം സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെ ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു. 

IPL 2021 Auction S Sreesanth will register for mini auction
Author
Thiruvananthapuram, First Published Jan 23, 2021, 12:23 PM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും. അടുത്ത മാസം 18നുള്ള താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും. 

എട്ട് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലാത്ത കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് അവസാനിച്ച ശ്രീശാന്ത് അടുത്തിടെ സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. 

ഈ സീസണിലെ ഐപിഎൽ താരലേലം അടുത്തമാസം പതിനെട്ടിന് നടക്കും. താരലേലത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ടീമുകൾക്ക് താരങ്ങളെ നിലനി‍ർത്താനുള്ള അവസാന തീയതി ജനുവരി ഇരുപതായിരുന്നു. ഫെബ്രുവരി നാല് വരെ താരങ്ങളെ മറ്റ് ടീമുകൾക്ക് കൈമാറ്റം ചെയ്യാം. 

IPL 2021 Auction S Sreesanth will register for mini auction

കൊവിഡ് പശ്ചാത്തലത്തിൽ ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മത്സരം സ്വന്തം വേദികളിൽ നടത്താൻ പരമാവധി നടത്താൻ ശ്രമിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടത്തിയത്.

സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ല്‍ ജാമീസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മലാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ താരലേലത്തില്‍ ശ്രദ്ധ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

സ്റ്റാര്‍ക്കാകുമോ സ്റ്റാര്‍

ഐപിഎൽ താരലേലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചല്‍ സ്റ്റാര്‍ക്ക് മാറുമെന്ന് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റാർക്ക് 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലൂടെ സ്റ്റാർക്കിനെ സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം കളിക്കാൻ കഴിഞ്ഞില്ല. 

അഫ്ഗാൻ സ്‌പിന്നർ മുജീബ് റഹ്മാൻ, ഇംഗ്ലണ്ടിന്‍റെ ജേസൺ റോയ് തുടങ്ങിയവർക്കും നല്ല പ്രതിഫലം കിട്ടുമെന്നും ചോപ്ര പ്രവചിക്കുന്നു.

Follow Us:
Download App:
  • android
  • ios