ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ആവര്‍ത്തിച്ച് പിഴവുകള്‍ വരുത്തിയ ഷായെ ഡൽഹി ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിൽ നിന്നും ഇടയ്‌ക്ക് ഒഴിവാക്കിയിരുന്നു.

ഡല്‍ഹി: പൃഥ്വി ഷായുടെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ പ്രവീൺ ആംറെയെ നിയോഗിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ബാറ്റിംഗിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കാനുള്ള നിയോഗമാണ് ആംറെയെ ഏൽപ്പിച്ചിരിക്കുന്നത്. ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ആവര്‍ത്തിച്ച് പിഴവുകള്‍ വരുത്തിയ ഷായെ ഡൽഹി ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിൽ നിന്നും ഇടയ്‌ക്ക് ഒഴിവാക്കിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ 0, 4 എന്നിങ്ങനെയായിരുന്നു ഷായുടെ സ്‌കോര്‍. രണ്ടിന്നിംഗ്‌സിലും ഫൂട്ട്‌വര്‍ക്കിലെ പിഴവിലും ബാറ്റിനും പാഡിനും ഇടയിലെ വിടവിലൂടെയുമായിരുന്നു പുറത്താകല്‍. ഇതോടെ അവശേഷിച്ച മൂന്ന് ടെസ്റ്റുകളില്‍ മറ്റൊരു യുവതാരമായ ശുഭ്‌മാന് ഗില്ലിന് ഇന്ത്യ അവസരം നല്‍കി. ഗില്‍ 258 റണ്‍സുമായി തിളങ്ങുകയും ചെയ്തു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് യുഎഇയില്‍ നടന്ന ഐപിഎല്ലിലും സമാന സാങ്കേതിക പിഴവുകള്‍ ഷായെ വലച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ താരലേലത്തിന് മുന്നോടിയായി ഷായെ നിലനിര്‍ത്തി അമ്പരപ്പിച്ച ശേഷമാണ് ഡല്‍ഹി ആംറെയെ ചുമതലയേല്‍പിച്ചിരിക്കുന്നത്. ഇന്ത്യക്കായി 11 ടെസ്റ്റിലും 37 ഏകദിനത്തിലും കളിച്ചിട്ടുള്ള ആംറേ സാങ്കേത്തികവുള്ള ബാറ്റ്സ്‌മാനും പരിശീലകനുമായാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, റോബിന്‍ഉത്തപ്പ എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍മരം എന്ന വിശേഷണം കരിയറിന്‍റെ തുടക്കത്തില്‍ ലഭിച്ച താരമാണ് പൃഥ്വി ഷാ. എന്നാല്‍ പിന്നീട് ഗ്രാഫ് താഴേക്ക് വീണു. ഐപിഎല്‍ കരിയറില്‍ തന്‍റെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണ. യുഎഇയില്‍ 13 മത്സരങ്ങളില്‍ 17.53 ശരാശരിയിലും 136.52 സ്‌ട്രൈക്ക്‌റേറ്റിലും 228 റണ്‍സേ നേടാനായുള്ളൂ. മൂന്ന് തവണ ഡക്കായി. രണ്ട് തവണ മാത്രമാണ് അര്‍ധ സെഞ്ചുറി കണ്ടത്. 66 ആണ് ഉയര്‍ന്ന സ്‌കോര്‍. 

പൃഥ്വി ഷായെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. വിജയ് ഹസാരേ ട്രോഫിയിൽ മുംബൈക്കായി പൃഥ്വി ഇനി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈയുടെ സാധ്യതാ പട്ടികയില്‍ ഷായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, സൂര്യകുമാര്‍ യാദവ്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിവരടക്കം 100 താരങ്ങളുടെ പട്ടികയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ആശ്വാസ വാര്‍ത്ത; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു