ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച താരമാണ് ടി നടരാജന്‍.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ ഉപദേശങ്ങള്‍ തനിക്ക് ഗുണം ചെയ്തതായി യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന്‍. ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നട്ടുവിന്‍റെ പ്രതികരണം. 

എം എസ് ധോണിയെ പോലൊരാളോട് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്. എന്നോട് ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സ്ലോ ബൗണ്‍സറുകളും കട്ടറുകളും വേരിയേഷനുകളും ഉപയോഗിക്കാന്‍ പറഞ്ഞു. അത് എനിക്ക് പ്രയോജനം ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി എന്നും നടരാജന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച താരമാണ് ടി നടരാജന്‍. 70 യോര്‍ക്കറുകളാണ് ഈ ഇടംകൈയന്‍ പേസര്‍ തൊടുത്തുവിട്ടത്. രണ്ടാമതെത്തിയ കാര്‍ത്തിക് ത്യാഗി 28 ഉം ജസ്‌പ്രീത് ബുമ്ര 26 ഉം യോര്‍ക്കറുകള്‍ മാത്രമേ എറിഞ്ഞുള്ളൂ. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി ഓസ്‌ട്രേലിയയിലേക്ക് പറന്ന നടരാജൻ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച് റെക്കോര്‍ഡിട്ടിരുന്നു. 

ആര്‍സിബിക്ക് തിരിച്ചടി തുടരുന്നു; ദേവ്‌ദത്ത് കൊവിഡ് നെഗറ്റീവായപ്പോള്‍ മറ്റൊരു താരം പോസിറ്റീവ്